നിവിന്‍ പോളി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. എന്നാല്‍ ഉഡുപ്പിയില്‍ ചിത്രീകരണത്തിനിടെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ കാലിന് പരുക്കേല്‍ക്കുകയും തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തവയ്ക്കുകയും ചെയ്തുവെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രം എന്ന് പുനഃരാരംഭിക്കുമെന്ന കാര്യം തീരുമാനമായിട്ടില്ല.

നിവിന്‍ പോളിയുടെ ബിഗ് ബജറ്റ് ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ എത്തും. ഇത്തിക്കര പക്കിയുടെ വേഷമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ഇരട്ട തിരക്കഥാകൃത്തുക്കളായ സഞ്ജയ് ബോബിയാണ്.

ശ്രീഗോകുലം ഫിലിംസ് (പ്രൈ) ലിമിറ്റഡിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. 12 കോടിരൂപയ്ക്കു മുകളിലാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദാണ് നായിക. സുധീര്‍ കരമന, ബാബു ആന്റണി, സണ്ണി വയ്ന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ബോളിവുഡ് ഛായാഗ്രാഹകന്‍ ബിനോദ് പ്രധാനാണ് കൊച്ചുണ്ണിക്കായി ക്യാമറ ചലിപ്പിക്കുന്നത്.ശ്രീലങ്കയും കായംകുളവുമാണ് പ്രധാന ലൊക്കേഷനുകള്‍.

ചിത്രം പൂര്‍ണമായും പഴയകാലഘട്ടത്തിലാണ് ചിത്രീകരിക്കുന്നതെങ്കിലും ആനുകാലിക സംഭവങ്ങളുമായി സാദൃശ്യമുണ്ടാകുമെന്നാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. കൊച്ചുണ്ണിയുടെ ജീവിതത്തിന്റെ പല ഘട്ടങ്ങളും അദ്ദേഹത്തിന്റെ പ്രണയവുമെല്ലാം ചിത്രത്തില്‍ വിഷയമാകുമെങ്കിലും ഇതൊരു ചരിത്ര സിനിമയാകില്ലെന്നും സംവിധായകന്‍ പറയുന്നു.

തന്റെ കരിയറിലെ തന്നെ മികച്ച സിനിമകളുടെ പട്ടികയിലേക്ക് ഉയരുന്ന സിനിമയായിരിക്കും കായംകുളം കൊച്ചുണ്ണി എന്നാണ് നിവിന്‍ ചിത്രത്തെക്കുറിച്ചു പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ