ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് ആ വാര്‍ത്ത പുറത്ത് വന്നത്. ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ ന്യൂറോ എന്‍ടോക്രൈന്‍ ട്യൂമര്‍ എന്ന അപൂര്‍വ്വ രോഗത്തിന്റെ പിടിയിലാണ്. ഉടന്‍ തന്നെ ചികിത്സയ്ക്കായി ഇര്‍ഫാന്‍ ലണ്ടനിലേക്ക് പോയി. പിന്നീട് ഇര്‍ഫാന്റെ രോഗത്തെ കുറിച്ചോ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ചോ ആരും ഒന്നും അറിഞ്ഞിട്ടില്ല.

എന്നാല്‍ സംവിധായകനും ഇര്‍ഫാന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ ഷൂജിത് സിര്‍കര്‍ ഒരു സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇര്‍ഫാന്‍ സുഖമായിരിക്കുന്നു എന്ന് അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനി ഉദ്ദം സിങ്ങിന്റെ ജീവിതത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രത്തിലെ നായകനായി ഇര്‍ഫാന്‍ ഉടന്‍ എത്തുമെന്നും ഷൂജിത് സിര്‍കര്‍ പറഞ്ഞു. ഷൂജിത് സിര്‍കറിന്റെ സ്വപ്‌ന പദ്ധതിയാണ് ഈ ചിത്രം. വര്‍ഷങ്ങളായി അദ്ദേഹം ഇതിനു വേണ്ടി അദ്ധ്വാനിക്കുകയാണ്. നേരത്തേ പികു എന്ന ചിത്രത്തിലും ഷൂജിത് സിര്‍കാറും ഇര്‍ഫാനും ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാര്‍ച്ച് ആദ്യമാണ് തനിയ്ക്ക് അപൂര്‍വ്വ രോഗമാണെന്ന് നടന്‍ ഇര്‍ഫാന്‍ ഖാന്‍ വെളിപ്പെടുത്തിയത്. പിന്നീട് ന്യൂറോ എന്‍ടോക്രൈന്‍ ട്യൂമറാണിത് എന്ന് സ്ഥിരീകരിച്ചു. ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ശരീര ഭാഗങ്ങളില്‍ പടരുന്ന അപൂര്‍വ്വമായ രോഗസ്ഥിതിയാണിത്. ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളില്‍ വികസിക്കുന്ന എന്‍ഡോക്രിന്‍ ട്യൂമറിനും ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ