മുംബൈ: അരങ്ങേറ്റ ചിത്രത്തിന്റെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗുരുതര ആരോപണവുമായി നവാഗത നടന്‍ ആശിഷ് ബിഷ്ത് രംഗത്ത്. വെളളിയാഴ്ച്ചയാണ് ബിഷ്ത് നായകനാകുന്ന ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മാധ്യമങ്ങള്‍ക്ക് മുമ്പിലാണ് കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുളള ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ ശരീരം പങ്കിടണമെന്നതാണ് അവസ്ഥയെന്ന വെളിപ്പെടുത്തല്‍ പ്രമുഖ താരങ്ങള്‍ പോലും നടത്തിയിട്ടുണ്ട്. നടിമാര്‍ക്ക് മാത്രമാണ് ഇത്തരം ദുരവസ്ഥയെന്നാണ് പൊതുധാരണയെങ്കില്‍ അത് ശരിയല്ലെന്നാണ് ബിഷ്ത് പറഞ്ഞു. നടിമാര്‍ മാത്രമല്ല നടന്മാരും കിടക്ക പങ്കിടേണ്ടിവരാറുണ്ടെന്ന് സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കിടക്കയില്‍ താന്‍ എങ്ങനെയാണെന്ന് പല നിര്‍മ്മാതാക്കളും തന്നോട് ചോദിച്ചതായി ഈ 29കാരന്‍ വ്യക്തമാക്കി. നിര്‍മ്മാതാക്കള്‍ മാത്രമാണ് കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നതെന്ന് കരുതരുതെന്നും ആശിഷ് പറയുന്നു. ഓഡീഷന്‍ സ്റ്റേജുകളിലും തനിക്ക് സമാനമായ അനുഭവങ്ങള്‍ ഉണ്ടായതായി അദ്ദേഹം വെളിപ്പെടുത്തുന്നു.

ഒരു ഓഡീഷനില്‍വെച്ചുണ്ടായ സംഭവവും അദ്ദേഹം വെളിപ്പെടുത്തി. അഭിനേതാക്കളെ തെരഞ്ഞെടുക്കുന്ന ഒരാള്‍ തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചതായും പകരം സിനിമയിലേക്ക് അവസരം തരാമെന്ന് വാഗ്ധാനം ചെയ്തതായും അദ്ദേഹം പറഞ്ഞു. സിനിമയിലും പരസ്യചിത്രങ്ങളിലും അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയും, അവസരമൊരുക്കിയും ലൈംഗിക ചൂഷണം നടത്തുന്നത് ഈ മേഖലയുടെ വര്‍ണ്ണപ്പകിട്ടുകള്‍ക്കിടെ അറിയാതെ പോകുന്ന സംഭവങ്ങളാണ്. നേരത്തേ പല ബോളിവുഡ് നായികമാരും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

മലയാളത്തില്‍ നിന്നും ആരോപണവുമായി ഈയടുത്ത് പാര്‍വ്വതി അടക്കമുളള നടികളും രംഗത്തെത്തി.
അവസരം നല്‍കിയതിന് പ്രതിഫലമായി സംവിധായകനോ നിര്‍മ്മാതാവിനോ ലൈംഗികമായി വിധേയമാവുക എന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് പലരും പുറത്തുപറയാന്‍ തയ്യാറാകില്ല. നേരത്തേ ബോളിവുട് നടന്‍ രണ്‍വീര്‍ സിംഗും സമാന അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ