ഹൈദരാബാദ്: പ്രഭാസിന്റെ പുതിയ ആക്ഷന്‍ ചിത്രം സാഹോയില്‍ നിന്ന് അനുഷ്‌ക ഷെട്ടിയെ പുറത്താക്കിയതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യൻ സിനിമയിലെ മികച്ച ജോടിയായി കണക്കാക്കപ്പെടുന്ന പ്രഭാസിനെയും അനുഷ്‌കയെയും വീണ്ടും ഒരുമിച്ച് കാണാമെന്ന ആരാധകരുടെ പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്. അനുഷ്കയെ സിനിമയിൽ നിന്ന് പുറത്താക്കാനുള്ള കാരണമാണ് അതിശയകരം. ബാഹുബലി സുന്ദരിക്ക് തടി കൂടുതലായതു കൊണ്ടാണത്രെ സിനിമയിൽ നിന്ന് ഒഴിവാക്കിയത്. വിവിധ ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു.

ചിത്രത്തിലെ നായികയുടേത് ഗ്ലാമര്‍വേഷമാണ്. അതിനായി അനുഷ്‌കയ്ക്ക് ഒരുപാട് ഭാരം കുറക്കാൻ ആവശ്യപ്പെട്ടിരുന്നത്രെ. ‘സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടി 20 കിലോ ശരീരഭാരം വര്‍ധിപ്പിച്ച അനുഷ്‌കക്ക്, എന്നാല്‍ സാഹോയിലെ ഗ്ലാമര്‍വേഷത്തിന് വേണ്ട തരത്തിൽ ശരീരം മാറ്റിയെടുക്കാൻ ഇനിയും സാധിച്ചില്ല’ ചിത്രത്തിനോടടുത്ത വൃത്തങ്ങള്‍ പറയുന്നു.

ബാഹുബലി 2 പൂര്‍ത്തിയാക്കിയ അനുഷ്‌ക സാഹോയ്ക്കു വേണ്ടി കഠിന പരിശ്രമത്തിലായിരുന്നു. കുറച്ച് ദിവസങ്ങളായി പൊതു ചടങ്ങുകളിലൊന്നും അനുഷ്‌ക പ്രത്യക്ഷപ്പെടാറില്ല. സൗത്ത് ഇന്ത്യ ഇന്റർണാഷണൽ മൂവി അവാർഡ് ചടങ്ങിൽ അനുഷ്ക പങ്കെടുക്കാത്തത് വലിയ ചർച്ചയായിരുന്നു.

എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി സീരീസിലുടെയാണ് അനുഷ്‌കയും പ്രഭാസും പ്രേക്ഷകരുടെ പ്രിയ ജോടിയാകുന്നത്. ടൈറ്റിൽ കഥാപാത്രമായ ബാഹുബലിയുടെ ഭാര്യയായ ദേവസേന എന്ന കഥാപാത്രത്തെയാണ് അനുഷ്ക ബാഹുബലിയിൽ അവതരിപ്പിച്ചത്.

സുജീത്ത് സംവിധാനം ചെയ്യുന്ന സാഹോ 2018 ലാണ് പുറത്തിറങ്ങുക. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വി വംശി കൃഷ്ണ റെഡ്ഡിയാണ് ചിത്രം നിര്‍മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ