‘ക്ലാസ് ഓഫ് 80’യുടെ ഒത്തു ചേരലിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ചോദിച്ചത് രണ്ട് കാര്യങ്ങളായിരുന്നു. ഒന്ന് ‘ഞങ്ങളുടെ മമ്മൂക്ക എവിടെ?’ മറ്റൊന്ന് ‘ലാലേട്ടനും ശോഭന ചേച്ചിയും ഒരുമിച്ചുള്ള ചിത്രം വേണം.’ ഒടുവില്‍ കുറച്ചു ദിവസം വൈകിയാണെങ്കിലും ശോഭന ആരാധകരുടെ ആവശ്യം പരിഗണിച്ച് ഇരുവരും ഒന്നിച്ചുള്ള ഒരു സെല്‍ഫി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.

‘നിങ്ങള്‍ ചോദിച്ച ചിത്രമിതാ, കുറച്ചു ദിവസം വൈകിപ്പോയതില്‍ ക്ഷമ ചോദിക്കുന്നു,’ എന്നു പറഞ്ഞുകൊണ്ടാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം ശോഭന ഷെയര്‍ ചെയ്തത്. തൂവെള്ള വസ്ത്രമണിഞ്ഞാണ് മലയാളത്തിന്റെ എക്കാലത്തേയും പ്രിയ ജോഡികളായ മോഹന്‍ലാലും ശോഭനയും ചിത്രത്തിന് പോസ് ചെയ്തത്.

ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ ലൈക്കുകളും കമന്റുകളുമായി ആരാധകരുമെത്തി. ‘ഈ ജോഡിക്ക് പകരം വയ്ക്കാന്‍ മറ്റാരുമില്ലെ’ന്ന് തുടങ്ങി, ‘പണ്ട് നിങ്ങളുടെ ‘ സിനിമ കാണുമ്പോള്‍ യഥാര്‍ത്ഥ ഭാര്യ-ഭര്‍ത്താവ് ആണ് നിങ്ങള്‍ എന്ന് വിച്ചാരിച്ചിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു’ എന്നുവരെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വന്നു കൊണ്ടിരിക്കുന്നത്.

 

‘പക്ഷെ’, ‘മിന്നാരം’, ‘പവിത്രം’, ‘തേന്മാവിന്‍ കൊമ്പത്ത്’, ‘ടി.പി ബാലഗോപാലന്‍ എംഎ’, ‘വെള്ളാനകളുടെ നാട്’, ‘ഉള്ളടക്കം’, ‘മായാമയൂരം’, ‘മണിച്ചിത്രത്താഴ്’, ‘നാടോടിക്കാറ്റ്’ തുടങ്ങി ഇരുവരുടേയും ഒന്നിച്ചഭിനയിച്ച എത്രയോ ചിത്രങ്ങള്‍ ഇന്നും മലയാളികളുടെ പ്രിയ സിനിമകളുടെ ലിസ്റ്റില്‍ മുന്‍പന്തിയിലാണ്. മലയാള സിനിമാ പ്രേക്ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഈ താരജോഡി ഇനിയെന്ന് ഒന്നിക്കുമെന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്.

അക്കാലത്തെ മലയാളികളുടെ പ്രിയതാരങ്ങളെല്ലാം ഒത്തുചേരലിന്റെ ഭാഗമായിരുന്നു. 1980 കളിലെ താരങ്ങളുടെ സൗഹൃദകൂട്ടായ്മയാണ് ‘ക്ലാസ് ഓഫ് 80’. സുഹാസിനിയുടെ നേതൃത്വ ത്തില്‍ രൂപം കൊണ്ട ഈ കൂട്ടായ്മ എല്ലാ വര്‍ഷവും ഒത്തുകൂടാറുണ്ട്. ഇത്തവണയും പതിവ് തെറ്റിച്ചില്ല.

മോഹന്‍ലാല്‍, ജയറാം, റഹ്മാന്‍, ശരത്, അര്‍ജുന്‍, ജാക്കി ഷറഫ്, ഭാഗ്യരാജ്, സത്യരാജ്, ലിസി, നാദിയ മൊയ്തു, പൂര്‍ണിമ, മേനക സുരേഷ്, അംബിക, ഖുശ്ബു, ശോഭന, തുടങ്ങിയവരൊക്കെ ഇത്തവണത്തെ സംഗമത്തിനും എത്തി. ഓരോ സംഗമത്തിലും ഡ്രസ് കോഡ് ഉണ്ടാവാറുണ്ട്. ഇത്തവണ വൈറ്റും ബ്ലൂവുമായിരുന്നു ഡ്രസ് കോഡ്.

Read More: ആഹ്ളാദത്തിമിര്‍പ്പില്‍ താരസംഗമം; ‘ക്ലാസ് ഓഫ് 80’ ഒത്തുചേരലിന്റെ ചിത്രങ്ങള്‍

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇവിടെ തന്റെ അസാന്നിധ്യം കൊണ്ടാണ് ശ്രദ്ധേയനാകുന്നത്. ഏറ്റവുമൊടുവില്‍ നടന്ന ഒന്‍പതാമത് കൂടിച്ചേരലിലും മമ്മൂട്ടി പങ്കെടുത്തിട്ടില്ല. അതിന്റെ നിരാശയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. കൂടിച്ചേരലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്നത്തിന്റെ താഴെ അവര്‍ പ്രിയപ്പെട്ട താരത്തെ കാണാന്‍ സാധിക്കാത്തത്തിന്റെ സങ്കടവും പങ്കുവച്ചിരുന്നു

Read More: ഞങ്ങളുടെ മെഗാസ്റ്റാര്‍ എവിടെ?: എണ്‍പതുകളുടെ കൂട്ടായ്മയില്‍ മമ്മൂട്ടിയെ കാണാത്തതില്‍ നിരാശരായി ആരാധകര്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook