പ്രമുഖ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ ശോഭ ഡേ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മാതൃഭൂമി സംഘടിപ്പിച്ച അന്താരാഷ്ട്ര അക്ഷര മേളയിൽ സംസാരിക്കുകയായിരുന്നു അവർ. ഇനിയൊരു ജന്മമുണ്ടെങ്കിൽ ആരായി ജനിക്കാനാണ് ആഗ്രഹമെന്നായിരുന്നു ശോഭയോടുള്ള ചോദ്യം. മമ്മൂട്ടി എന്നാണ് അവർ അതിന് ഉത്തരമായി പറഞ്ഞത്. ഇത്ര നല്ല മാറിടമുള്ള പുരുഷനെ ഞാൻ കണ്ടിട്ടില്ലെന്നും, അദ്ദേഹത്തെ എന്നെങ്കിലും കണ്ടാൽ കുറച്ചു നിമിഷമെങ്കിലും ആ നെഞ്ചിൽ ചാഞ്ഞുകിടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ശോഭ ഡേ പറഞ്ഞു.
“മമ്മൂട്ടിയെ ഞാൻ ആദ്യമായി കാണുന്നത് ഒരു പഴയ ചിത്രത്തിലാണ്. അന്ന് മുതൽക്കെ ഞാൻ അദ്ദേഹത്തിന്റെ ആരാധികയാണ്. ഹോളിവുഡിലോ, ബോളിവുഡിലോയുള്ള മറ്റൊരു നടനിലും കാണാത്ത പാറപോലെയുള്ള വിരിഞ്ഞ മാറിടം അദ്ദേഹത്തിനുണ്ട്. എനിക്കെന്ന് മമ്മൂട്ടിയെ കാണാൻ പറ്റുമെന്ന് ഇടയ്ക്ക് ഭർത്താവിനോട് ചോദിക്കും. കണ്ണുകളിൽ കരുണയും മൃദുലമായ പ്രകടനവുമാണ് അദ്ദേഹത്തിന്റേത്” ശോഭ ഡേ പറഞ്ഞു.
“എന്നെങ്കിലും അദ്ദേഹത്തെ കാണുമ്പോൾ ആ നെഞ്ചിൽ തല ചായ്ക്കണം, അത് സ്വർഗ്ഗമായിരിക്കും” അവർ കൂട്ടിച്ചേർത്തു. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ ഇതിന് സമ്മതിക്കില്ലെന്ന് ഉറപ്പുണ്ടെന്നും ഒരു പൊട്ടിച്ചിരിയോടെ ശോഭ ഡേ പറഞ്ഞു.
ബി ഉണ്ണികൃഷ്‌ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ക്രിസ്‌റ്റഫറി’ന്റെ പ്രമോഷൻ തിരക്കിലാണ് മമ്മൂട്ടി. ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്‌ണയാണ്.