ഗ്രേസും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയാണ് ശോഭന. മലയാള സിനിമയിൽ അത്രയൊന്നും സജീവമല്ലാതിരുന്നിട്ടും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം ഇപ്പോഴും കുറയുന്നില്ല.
നൃത്തത്തില്‍ സജീവമായി തുടരുന്ന അടുത്ത കാലത്താണ് ശോഭന സോഷ്യൽ മീഡിയയിൽ എത്തിയത്. അവിടെയും പ്രധാനമായും തന്റെ പാഷനായ നൃത്തത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളും ഒക്കെ താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.
ഇക്കുറി നിരത്തിയിട്ടിരിക്കുന്ന വസ്ത്രങ്ങൾക്ക് മുന്നിലിരിക്കുന്ന തന്റെ ചിത്രമാണ് ശോഭന ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഈ വസ്ത്രങ്ങൾ ഒക്കെ ഇനി എന്നു പാകമാകും എന്നുടുക്കാനാകും’ എന്ന് താന്‍ ചിന്തിക്കുന്നതായുമുള്ള രസകരമായ അടിക്കുറിപ്പും കൊടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു ചിത്രത്തിന് ശോഭന നൽകിയ കമന്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുന്ദരനായി കുറച്ചു കൂടി ചെറുപ്പമായ ലുക്കിലാണ് മോഹൻലാൽ ഫോട്ടോയിൽ കാണപ്പെട്ടത്. ‘കൂൾ ലാൽ സാർ’ എ ഭനയുടെ കമന്റ്.
സാധാരണയായി തന്റെ സിനിമകളോ നൃത്തമോ ആയി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പങ്കുവയ്ക്കാനായി മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ശോഭന, ഇതുവരെ സുഹൃത്തുക്കളോ സഹപ്രവർത്തകരോ ആയി ഇതുവഴി സംവദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലാത്തതു കൊണ്ടു തന്നെ എല്ലാവർക്കും താരത്തിന്റെ ഈ കമന്റ് ഒരു അത്ഭുതമായിരുന്നു.
‘പക്ഷേ’, ‘മിന്നാരം’, ‘പവിത്രം’, ‘തേന്മാവിന്‍ കൊമ്പത്ത്’, ‘ടി.പി ബാലഗോപാലന്‍ എംഎ’, ‘വെള്ളാനകളുടെ നാട്’, ‘ഉള്ളടക്കം’, ‘മായാമയൂരം’, ‘മണിച്ചിത്രത്താഴ്’, ‘നാടോടിക്കാറ്റ്’ തുടങ്ങി ഇരുവരുടേയും ഒന്നിച്ചഭിനയിച്ച എത്രയോ ചിത്രങ്ങള്‍ ഇന്നും മലയാളികളുടെ പ്രിയ സിനിമകളുടെ ലിസ്റ്റില്‍ മുന്‍പന്തിയിലാണ്. മലയാള സിനിമാ പ്രേക്ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഈ താരജോഡി ഇനിയെന്ന് ഒന്നിക്കുമെന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്. ശോഭനയും മോഹൻലാലും തമ്മിൽ 37 വർഷത്തെ സൗഹൃദബന്ധമാണുള്ളത്. 55 സിനികളിൽ ഇരുവരും നായിക നായകന്മാരായി അഭിനയിച്ചിട്ടുമുണ്ട്.
സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, കെ.പി.എ.സി ലളിത, സുരേഷ് ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.
Read more: അപ്പനു വയസ്സാവുന്നത് കാണാൻ വയ്യായേ; ഇസുവിനൊപ്പമുള്ള രസകരമായ ചിത്രവുമായി ചാക്കോച്ചൻ