ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തു വച്ചുണ്ടായ കാറപകടത്തെ തുടർന്ന് ഹോസ്‌പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിനും കുടുംബത്തിനുമുള്ള​ പ്രാർത്ഥനകളുമായി ശോഭനയും ശങ്കർ മഹാദേവനും. സോഷ്യൽ മീഡിയയിലാണ് ഇരുവരും നടുക്കവും പ്രാർത്ഥനയും രേഖപ്പെടുത്തിയിരിക്കുന്നത്.

“ബാലഭാസ്കറുടെ മകളുടെ വിയോഗത്തിൽ അതീവ ദുഃഖമുണ്ട്.​ ഒരിക്കലും നികത്താനാവാത്ത നഷ്ടമാണത്. ബാലുവിനും കുടുംബത്തിനും ദൈവം തുണയാകട്ടെ!” ശോഭന തന്റെ ഫെയ്സ്‌ബുക്ക് പേജിൽ കുറിച്ചു.

“ഞങ്ങളുടെ സൂപ്പർ ടാലന്റഡ് ബാലഭാസ്കറിനും ഭാര്യയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നു. റോഡപകടത്തെ തുടർന്ന് ജീവിതത്തോട് മല്ലിടുന്ന രണ്ടുപേരും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. രണ്ടുവയസ്സുകാരിയുടെ മരണവാർത്ത തകർത്തു കളഞ്ഞു,” എന്നാണ് ശങ്കർ മഹാദേവൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാലഭാസ്കറിന്റെയും ലക്ഷ്മിയുടെയും ഡ്രൈവറും സുഹൃത്തുമായ അർജ്ജുന്റെയും ശസ്ത്രക്രിയകൾ ഇന്നലെ രാത്രിയോടെ വിജയകരമായി പൂർത്തിയായി എന്ന വിവരം തിരുവനന്തപുരം അനന്തപുരി ഹോസ്‌പിറ്റൽ സ്ഥിരീകരിച്ചിരുന്നു.

ആരോഗ്യസ്ഥിതി അൽപ്പം മെച്ചപ്പെട്ടതിനെ തുടർന്ന് ബാലഭാസ്കർ മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്നും ലക്ഷ്മിയും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ഹോസ്‌പിറ്റലിൽ നിന്നും വാർത്തകൾ വരുന്നുണ്ട്. എന്നാൽ, 24 മണിക്കൂർ നിരീക്ഷണം പൂർത്തിയായതിനു ശേഷമാവും ഡോക്ടർമാർ ഔദ്യോഗികമായ സ്ഥിരീകരണം നൽകുക. ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും സിനിമാപ്രവർത്തകരുമൊക്കെ ഇന്നലെ മുതൽ ഹോസ്പിറ്റൽ പരിസരത്ത് തന്നെയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook