മലയാളികൾ എല്ലാ കാലവും ഇഷ്ടത്തോടെ മാത്രം ഓർക്കുന്ന നായികമാരാണ് ശോഭനയും രേവതിയും സുഹാസിനിയുമെല്ലാം. മലയാളസിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്ന നായികമാർ. എന്നെന്നും നൊസ്റ്റാൾജിയ സമ്മാനിക്കുന്ന ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ചവർ. മലയാള സിനിമയിൽ അത്രയൊന്നും സജീവമല്ലെങ്കിലും ഇന്നും മൂവരുടെയും വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്ക് ഏറെ താൽപ്പര്യമാണ്.
മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവന്റെ’ രണ്ടാം ഭാഗത്തിന്റെ റീലിസിനു മുന്നോടിയായി നടത്തിയ ഓഡിയോ ലോഞ്ചിനായി ഒത്തുകൂടിയ ശോഭനയുടെയും രേവതിയുടെയും സുഹാസിനിയുടെയും ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. സുഹാസിനിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ശോഭനയും രേവതിയും. ഇടയ്ക്ക് ഒത്തുകൂടാനും യാത്രകൾ സംഘടിപ്പിക്കാനുമൊക്കെ ഈ ചങ്ങാതിമാർ സമയം കണ്ടെത്താറുണ്ട്. നടി ഖുശ്ബുവും ഓഡിയോ ലോഞ്ചിനായി എത്തിച്ചേർന്നിരുന്നു.
“പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ ഓഡിയോ ലോഞ്ച് എന്നെയും അവിടെയുണ്ടായിരുന്നവരെയും വിസ്മയിപ്പിച്ചു. തമിഴ് സിനിമയിലെ പ്രമുഖരും അവരുടെ ചരിത്രത്തെയും സംസ്‌കാരത്തെയും പ്രതിനിധീകരിക്കുന്ന ഒരു ചിത്രത്തോടുള്ള ആരാധന നിറഞ്ഞ ആരാധകരും. മനോഹരമായ അനുഭവമായിരുന്നു. വർഷങ്ങളായി കണ്ടിട്ടില്ലാത്ത ചിലരെ വീണ്ടും കണ്ടുമുട്ടിയത് സന്തോഷിപ്പിച്ചു. ഹൃദ്യമായിരുന്നു അത്. ശോഭനയ്ക്കും അവളുടെ സുന്ദരിയായ മകൾ നാരായണിക്കും ഒപ്പം അവിടെ പോയി,” എന്നാണ് രേവതി കുറിച്ചത്.
ഏപ്രിൽ 28 നാണ് പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങി ചിത്രത്തിലെ നായികമാരും ഓഡിയോ ലോഞ്ചിനായി എത്തിച്ചേർന്നിരുന്നു.
‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മന്‍, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര്‍ റഹ്മാന്‍. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം റിലീസിനെത്തുക. അഞ്ഞൂറ് കോടി മുതൽമുടക്കിലാണ് ചിത്രം ഒരുക്കിയത്. ആദ്യ ഭാഗം 500 കോടിയ്ക്ക് അടുത്ത് കളക്ഷൻ നേടിയിരുന്നു.