മലയാളത്തിലെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് പുറത്തിറങ്ങിയിട്ട് 27 വർഷം തികയുകയാണ് ഡിസംബർ 23ന്. 27 വർഷം പിന്നിട്ടിട്ടും ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രത്തെ ഓർക്കാത്ത ഒരു ദിവസം പോലുമില്ലെന്ന് പറയുകയാണ് ചിത്രത്തിലെ നായിക ശോഭന. സോഷ്യൽ മീഡിയ പോസ്റ്റിലാണ് ശോഭന മണിച്ചിത്രത്താഴിനെക്കുറിച്ചുള്ള ഓർമ പങ്കുവയ്ക്കുന്നത്.
“”മണിച്ചിത്രത്താഴ് ” എന്ന, എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയുടെ 27-ാം പിറന്നാൾ ആണ് നാളെ.
ഒരു ബ്ലോക്ക്ബസ്റ്റർ സിനിമ എന്നതിലുപരി, ചലച്ചിത്രനിർമ്മാണകലയ്ക്ക് ഇന്നും ഒരു റഫറൻസ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു. എൻെറ ജീവിത യാത്രയിൽ ഈ ചിത്രം വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു…..ഇന്നും അതെ..
നാഗവല്ലിയെ കുറിച്ച് ഓർമ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം…സ്രഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നു. ” ശോഭന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
View this post on Instagram
1993 ഡിസംബർ 23നാണ് ‘മണിച്ചിത്രത്താഴ്’ തിയേറ്ററുകളിലെത്തിയത്. മലയാളികൾ എന്നെന്നും സ്നേഹത്തോടെ മാത്രം നെഞ്ചിലേറ്റുന്ന ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ‘മണിച്ചിത്രത്താഴ്’. കണ്ടുകണ്ട് ചിത്രത്തിലെ ഓരോ സീനും മനപാഠമായവരാവും ഭൂരിഭാഗം മലയാളികളും.
Read more: മലയാളി അധികം കണ്ടിട്ടില്ലാത്ത ‘മണിച്ചിത്രത്താഴി’ലെ ആ രംഗമിതാ; വീഡിയോ
ചിത്രം റിലീസ് ചെയ്തിട്ട് 27 വർഷങ്ങൾ പിന്നിടുമ്പോഴും സിനിമാസ്വാദകർക്കിടയിൽ ‘മണിച്ചിത്രത്താഴിനെ’ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ചിത്രത്തിനു വേണ്ടി ആരാധകർ ഒരുക്കിയ മോഡേൺ രീതിയിലുള്ള ഒരു ട്രെയിലറും അടുത്തിടെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു. മൂന്നു മിനിറ്റോളം ദൈർഘ്യമുണർത്തുന്ന ട്രെയിലർ ഏറെ ഉദ്വോഗജനകമാണ്.
Read more: മഹാദേവനെ പ്രണയിച്ച ഗംഗ; ‘മണിച്ചിത്രത്താഴ്’ പുനര്വായന
“മണിച്ചിത്രത്താഴ്’ എന്ന സബ്ജെക്ടിനെ കുറിച്ചു പറഞ്ഞപ്പോഴൊക്കെ അതു വേണോ എന്നാണ് പലരും എന്നോട് ചോദിച്ചത്. പക്ഷേ എന്റെ ഉള്ളിലെ സിനിമാകാരന് ആ സബ്ജെക്ടിനോട് താൽപ്പര്യം തോന്നി. പക്ഷേ കിട്ടിയ ഗുണം എന്താണെന്നു വെച്ചാൽ ‘മണിച്ചിത്രത്താഴ്’ എടുക്കും മുൻപ് എനിക്കു പരിചയമുള്ള സംവിധായകരോടൊക്കെ ഞാൻ കഥ പറഞ്ഞിരുന്നു. അവരെല്ലാം അവരുടെ ഉള്ളിലെ ഭയം പങ്കുവെച്ചിരുന്നു. അതെനിക്ക് പ്ലസ് ആയി. അവരങ്ങനെ പറഞ്ഞല്ലോ, അപ്പോൾ ഏറെ ശ്രദ്ധാലുവായിരിക്കണം, ഒരു ലൂപ് ഹോള് പോലും വരാതെ, ഏറ്റവും ശ്രദ്ധയോടെ ചെയ്യണം എന്നു തോന്നി. ഞാനേറ്റവും സമയം എടുത്തത് അതിന്റെ സ്ക്രിപ്റ്റ് റൈറ്റിംഗിനു വേണ്ടിയാണ്. മൂന്നു മൂന്നര വർഷമാണ് ആ തിരക്കഥയ്ക്ക് വേണ്ടി ചെലവഴിച്ചത്. അത് വെട്ടിയും തിരുത്തിയും വെട്ടിയും തിരുത്തിയുമാണ് മുന്നോട്ടുപോയത്, പക്ഷേ ഇതെടുത്താൽ വിജയിക്കുമെന്ന് മനസ്സു പറയുന്നുണ്ടായിരുന്നു. അങ്ങനെയാണ് ‘മണിചിത്രത്താഴിൽ’ ലാൻഡ് ചെയ്യുന്നത്, സിനിമ തുടങ്ങുമ്പോൾ തിരക്കഥ പക്ക ആയിരുന്നു,” ചിത്രത്തെ കുറിച്ച് ഫാസിൽ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.
Read more: സിനിമ, ജീവിതം, ഫഹദ്: ഫാസിലുമായി ദീർഘ സംഭാഷണം
“ഒരു സിനിമ വിജയിക്കുമ്പോൾ അതിൽ നമ്മൾ അറിയാത്ത ഒരുപാട് ഘടകങ്ങൾ കൂടി ഒത്തുവരണം. അത് ആ സിനിമയുടെ യോഗമോ നിയോഗമോ വിധിയോ ഒക്കെയാണ്. ‘മണിചിത്രത്താഴിനെ’ കുറിച്ച് ഇപ്പോൾ ആലോചിക്കുമ്പോൾ, എംജി രാധാകൃഷ്ണൻ എന്ന സംഗീതസംവിധായകൻ ഇല്ലെങ്കിൽ എന്ത് ‘മണിചിത്രത്താഴ്?’ ശോഭന എന്ന നടിയില്ലെങ്കിൽ? ഇന്നസെന്റ് ഇല്ലെങ്കിൽ ‘മണിചിത്രത്താഴിലെ’ കോമഡി എന്താവും? സ്ക്രിപ്റ്റും സംവിധാനവും മാത്രം നന്നായതു കൊണ്ടല്ല ‘മണിചിത്രത്താഴ്’ വിജയമായത്. സിനിമയ്ക്ക് ചേർന്ന ലൊക്കേഷൻ, പെർഫെക്റ്റ് കാസ്റ്റിംഗ്, ക്യാമറ, എഡിറ്റിംഗ്, മ്യൂസിക് എല്ലാം നന്നായി വന്നതു കൊണ്ടു കൂടിയാണത്.” ഫാസിൽ പറഞ്ഞു.