/indian-express-malayalam/media/media_files/uploads/2020/01/shobana-in-penn-short-film-directed-by-suhasini-maniratnam-336068.jpg)
ഒരു വർക്കിംഗ് വിമസ് ഹോസ്റ്റലിൽ കൂട്ടുകാരികൾക്കൊപ്പം താമസിക്കുന്ന ശോഭയെന്ന പെൺകുട്ടി. അമ്മൂമ്മയും കൂട്ടുകാരും ആർട്ട് ഗ്യാലറിയിലെ ജോലി നൽകുന്ന സാമ്പത്തിക സുരക്ഷയും സ്വാതന്ത്ര്യവുമൊക്കെയാണ് ശോഭയുടെ ലോകത്തെ സന്തോഷങ്ങൾ. വിവാഹത്തോടോ പ്രണയത്തോടോ ഒന്നും വലിയ താൽപ്പര്യമില്ലാത്തൊരു പെൺകുട്ടി. 'ഔട്ട് ഓഫ് ലവ്, ഔട്ട് ഓഫ് റൊമാൻസ്, ഫ്രീഡം,' എന്നാണ് ശോഭയുടെ കാഴ്ചപ്പാട്. എനിക്കും റൊമാൻസിനും തമ്മിൽ എന്തുബന്ധമെന്ന് പലയാവർത്തി ശോഭ ആവർത്തിക്കുന്നുമുണ്ട്.
അതു കൊണ്ടു തന്നെ, അമ്മൂമ്മ കൊണ്ടുവന്ന ഒരു വിവാഹാലോചന ശോഭ തന്നെ മുടക്കുകയാണ്. അടക്കവും ഒതുക്കവുമില്ലാത്ത എന്നെ ഇഷ്ടപ്പെട്ടില്ലെന്ന് അമ്മൂമ്മയോട് പറഞ്ഞോളൂ എന്ന് പെണ്ണുകാണാനെത്തിയ ചെറുക്കനോട് അവൾ അഭ്യർത്ഥിക്കുന്നുമുണ്ട്. എന്നാൽ, ഓർക്കാപ്പുറത്ത് മനസ്സിൽ വിരിയുന്ന വികാരമാണ് പ്രണയമെന്ന് അധികം വൈകാതെ ശോഭ തിരിച്ചറിയുകയാണ്.
ഒരിക്കൽ വേണ്ടെന്നു വെച്ച അതേ ചെറുപ്പക്കാരനോട് ശോഭയ്ക്ക് ഒരിഷ്ടം തോന്നുന്നു. അതോടെ സ്വാതന്ത്ര്യം ആഘോഷിച്ചു നടന്നിരുന്ന സന്തോഷവതിയായ ആ പെൺകുട്ടിയുടെ മനസ്സിൽ പ്രണയമൊരു വിങ്ങലായി തുടങ്ങുന്നു. ഒടുവിൽ, തനിക്കു മാത്രമല്ല താനിഷ്ടപ്പെടുന്ന ചെറുപ്പക്കാരനും തന്നെ പ്രണയിക്കുന്നുണ്ടെന്ന് അവൾ തിരിച്ചറിയുന്നതോടെ ഇരുവരുടെയും ജീവിതത്തിൽ മറ്റൊരു അധ്യായം തുറക്കുന്നു.
Read Here: പെണ്‍: സുഹാസിനിയുടെ കഥാചിത്രങ്ങളിലൂടെ
ഒറ്റവരിയിൽ പറഞ്ഞുപോകാവുന്ന ഒരു പ്രണയകഥയെ അതിമനോഹരമായി അവതരിപ്പിക്കുകയാണ് 'ലവ് സ്റ്റോറി' എന്ന ടെലിഫിലിം. സുഹാസിനി മണിരത്നം സംവിധാനം ചെയ്ത ഈഹ്രസ്വചിത്രത്തിൽ ശോഭയായി എത്തുന്നത് ശോഭനയാണ്. 1991 ലാണ് ഈ ഹ്രസ്വചിത്രങ്ങൾ സണ്‍ ടിവി സംപ്രേക്ഷണം ചെയ്തത്. ഒന്‍പതു എപ്പിസോഡുകളായി സംപ്രേക്ഷണം ചെയ്യപ്പെട്ട 'പെണ്‍' എന്ന പരമ്പരയിൽ ശോഭന അഭിനയിച്ച ഈ ടെലിഫിലിമിന് പുറമേ, രേവതി, ഭാനുപ്രിയ, ഗീത, രാധിക, അമല, ശരണ്യ, സുഹാസിനി എന്നിവര്‍ അഭിനയിച്ച മറ്റു ചെറുചിത്രങ്ങളും ഉണ്ട്.
Read more: ശോഭനയ്ക്ക് അത് വലിയ ചലഞ്ചായിരുന്നു: ഫാസില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us