സിനിമയിലും നൃത്തത്തിലും ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച കലാകാരിയാണ് ശോഭന. വളരെ ചെറുപ്പത്തില്‍ അഭിനയ രംഗത്തെത്തുമ്പോള്‍ തന്നെ ശോഭന അതിനൊപ്പം നൃത്തവും തുടങ്ങിയിരുന്നു. ഇപ്പോൾ സിനിമയിൽ അധികം സജീവമല്ലെങ്കിലും നൃത്താധ്യാപിക എന്ന നിലയിൽ ശോഭന വളരെ സജീവമാണ്. ഇടക്ക് ഇൻസ്റ്റഗ്രാമിലൂടെ നൃത്ത പാഠങ്ങൾ തന്റെ ആരാധകർക്ക് വേണ്ടിയും ശോഭന പങ്കുവെക്കാറുണ്ട്. അങ്ങനെ ഒരു വീഡിയോയുമായി ഇപ്പോൾ എത്തിയിരിക്കുകയാണ് ശോഭന.
ഇത്തവണ വീഡിയോക്ക് ഒരു പ്രത്യേകതയുണ്ട്. ശോഭനയുടെ മകൾ നാരായണിയാണ് അമ്മയുടെ നൃത്തം പകർത്തിയിരിക്കുന്നത്. വീഡിയോക്ക് താഴെ വീഡിയോ പിടിച്ചത് ‘ഇതുവരെ ഇൻസ്റ്റയിൽ ഇല്ലാത്ത’ നാരായണി ആണെന്ന് ശോഭന കുറിച്ചിട്ടുണ്ട്. നൃത്തത്തിൽ മുദ്രകൾ എങ്ങനെ ഉപയോഗിക്കണം എന്നാണ് പുതിയ വീഡിയോയിലൂടെ ശോഭന പഠിപ്പിക്കുന്നത്.
ശോഭനയുടെ ഡാൻസിന് പുറമെ മകളുടെ വിഡിയോഗ്രാഫിക്കും നിരവധിപ്പേരാണ് കയ്യടിക്കുന്നത്. കുട്ടി വിഡിയോഗ്രാഫർ വളരെ കഴിവുള്ളയാളാണ് എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. കമന്റുകൾക്ക് ശോഭന മറുപടിയും നൽകുന്നുണ്ട്.
തന്റെ ഡാൻസ് വിഡിയോകളും ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ചു ഇൻസ്റ്റഗ്രാമിൽ വളരെ സജീവമായി നിൽക്കുന്ന താരമാണ് ശോഭന. ഇതിനു മുൻപും ചില നൃത്ത ക്ലാസുകൾ ശോഭന ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
Read Also: അജുവും കുട്ടനും ദിവ്യയും സ്ക്രീനിൽ എത്തിയിട്ട് ഏഴ് വർഷം; ചിത്രം പങ്കുവെച്ച് നിവിൻ
സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്റെ അമ്മായിമാരുടെ പാത പിന്തുടര്ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ചിത്രാ വിശ്വേശ്വരന്, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, കെ.പി.എ.സി ലളിത, സുരേഷ് ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.