മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരാണ് ശോഭനയും രേവതിയും. ഒരേ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന പ്രതിഭകൾ. യഥാർത്ഥ ജീവിതത്തിലും നല്ല സുഹൃത്തുക്കളാണ് ഇരുവരും.
കരിയറിന്റെ 39-ാം വർഷത്തിൽ രേവതിയെ തേടിയെത്തിയ ആദ്യത്തെ സംസ്ഥാന പുരസ്കാര നേട്ടത്തിൽ ആശംസകൾ അർപ്പിക്കുകയാണ് ശോഭന. അർഹിച്ച നേട്ടം എന്നാണ് ഭൂതകാലത്തിലൂടെ രേവതിയെ തേടിയെത്തിയ പുരസ്കാരത്തെ ശോഭന വിശേഷിപ്പിക്കുന്നത്.
“എന്റെ ബെസ്റ്റ് ഫ്രണ്ട് ഫോറെവര്‍ എന്ന് പറയുന്നത് രേവതിയെയാണ്. ഒരുപാട് വര്‍ഷങ്ങളായിട്ടുള്ള സൗഹൃദമാണ്. ഞങ്ങള്‍ തമ്മില്‍ എപ്പോഴും സംസാരിക്കുകയൊന്നുമില്ല, എന്നിരുന്നാലും മാനസികമായി വലിയ അടുപ്പമുണ്ട്,” എന്നാണ് ഒരിക്കൽ രേവതിയുമായുള്ള സൗഹൃദത്തെ കുറിച്ച് ശോഭന പറഞ്ഞത്.
‘മായാമയൂരം’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് സ്ക്രീനിലെത്തുകയും ചെയ്തിരുന്നു. അതുപോലെ, രേവതി ആദ്യമായി സംവിധാനം ചെയ്ത ‘മിത്ര് മൈ ഫ്രണ്ട്’ എന്ന ചിത്രത്തിലെ നായിക ശോഭനയായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള പുരസ്കാരം ശോഭനയെ തേടിയെത്തുകയും ചെയ്തു.
തെന്നിന്ത്യയുടെ പ്രിയതാരങ്ങൾ എന്നതിനപ്പുറത്തേക്ക് ഇരുവരുടെയും ജീവിതകാഴ്ചപ്പാടുകളിലും ഏറെ സാമ്യമുണ്ട്. മാതൃത്വത്തെ ‘ബൈ ചോയ്സ്’ ആയി തിരഞ്ഞെടുക്കുകയും പരമ്പരാഗത സമവാക്യങ്ങളെ തെറ്റിച്ച് ശ്രദ്ധേയരാവുകയും ചെയ്ത രണ്ടുപേരാണ് ശോഭനയും രേവതിയും. ദാമ്പത്യം, പങ്കാളിത്തം തുടങ്ങി കുടുംബസങ്കൽപ്പങ്ങളെ വലിയൊരു അളവു വരെ മാറ്റിവെക്കുമ്പോഴും മാതൃത്വമെന്ന മനോഹരമായൊരു സങ്കൽപ്പത്തെ ജീവിതത്തിലേക്ക് ചേർത്തുനിർത്തിയവർ. അമ്മ എന്ന അനുഭവത്തിന്റെ ഉള്ളറിഞ്ഞ് മാതൃത്വത്തിന്റെ അനുഭൂതികളും ഉത്തരവാദിത്വങ്ങളുമെല്ലാം തനിച്ച് ഏറ്റെടുക്കുന്ന ശോഭനയും രേവതിയും മാതൃത്വത്തിന്റെ വേറിട്ട രണ്ടു മുഖങ്ങളാണ്.
നൃത്തത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ശോഭന ഒരു കുഞ്ഞിനെ ദത്തെടുത്തു എന്ന വിശേഷം കൗതുകത്തോടെയാണ് എല്ലാവരും കേട്ടത്. 2010 ലാണ് ആറുമാസം പ്രായമുള്ള അനന്ത നാരായണിയെ ശോഭന ദത്തെടുക്കുന്നത്. അതേസമയം, 48-ാം വയസ്സിലാണ് മാതൃത്വത്തിന്റെ ഉത്തരവാദിത്വങ്ങൾ രേവതി ജീവിതത്തിലേക്ക് ഏറ്റെടുത്തത്. സിംഗിള്‍ പാരന്റായി നിന്ന് മകൾ മഹിയെ വളർത്തുകയാണ് രേവതി. കരിയറിലും കാഴ്ചപ്പാടുകളിലും ജീവിതസമീപനങ്ങളിലുമെല്ലാം ധീരമായ നിലപാടുകൾ കൈക്കൊള്ളുന്ന ഇരുവരും മലയാളത്തിന്റെ അഭിമാനതാരങ്ങളാണ്.