scorecardresearch

അടിമുടി നൃത്തമായവൾ; സദസ്സിനെ വിസ്മയിപ്പിച്ച് ശോഭന

വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടന ഗ്രാമത്തിൽ നടക്കുന്ന നാട്യോത്സവത്തിൽ നൃത്തം അവതരിപ്പിച്ച് ശോഭന, ചിത്രങ്ങൾ കാണാം

Shobana, Shobana natyolsavam, Shobana Dance

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടന ഗ്രാമത്തിൽ നടക്കുന്ന നാട്യോത്സവത്തിൽ നൃത്തം അവതരിപ്പിച്ച് ശോഭനയും സംഘവും. ഭാണിക എന്നു പേരിട്ടിരിക്കുന്ന നൃത്തശിൽപ്പം ഭരതനാട്യത്തിന്‍റെ ഉയർച്ചയും വളർച്ചയും ഉത്ഭവവും തുടങ്ങി ശിവ ഭക്തിരസങ്ങളുടെ സംവേദനവും വിവരിക്കുന്നതായിരുന്നു. നാട്യോത്സവം ഡാൻസ് ഫെസ്റ്റിവെല്ലിലെ മൂന്നാംദിനമായിരുന്നു ശോഭനയുടെയും സംഘത്തിന്റെയും പ്രകടനം.

സൃഷ്ടിയിലും നിരൂപണത്തിലും മൗലികാവലംബമായി പ്രസിദ്ധി നേടിയ ഭരതമുനിയുടെ നാട്യശാസ്ത്രത്തിന്‍റെ വിവിധ ഭാവങ്ങൾ, ഉത്ഭവം, രസപ്രധാനം തുടങ്ങിയവയാണ് നൃത്തത്തിലൂടെ ശോഭനയും സംഘവും പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ഭരതനെ ആസ്പദമാക്കി നന്ദികേശ്വരൻ രചിച്ച അഭിനയദർപ്പണത്തിന്നനുസരിച്ചാണ്‌ ഇതിലെ അഭിനയവഴികൾ സ്വീകരിച്ചിട്ടുള്ളത്‌. ശബ്ദങ്ങളിലും, വർണങ്ങളിലുമാണ്‌ ഭരതനാട്യത്തിലെ അഭിനയമെന്നുമുള്ള ജ്ഞാനം ആസ്വാദകരിൽ നിറച്ച നൃത്താവിഷ്കാരത്തെ കൈയടികളോടെ സദസ് വരവേറ്റു. കൈലാസനാഥൻ ശിവന്‍റെ ഭക്തരോടുള്ള സ്നേഹവും ശിവഭക്തിയുടെ വിവിധ തലങ്ങളും ന‌ൃത്തരൂപത്തിൽ പ്രേക്ഷകർക്കു മുന്നിലെത്തി.

സിനിമയിലും നൃത്തത്തിലും ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച കലാകാരിയാണ് ശോഭന. വളരെ ചെറുപ്പത്തില്‍ അഭിനയ രംഗത്തെത്തുമ്പോള്‍ തന്നെ ശോഭന അതിനൊപ്പം നൃത്തവും തുടങ്ങിയിരുന്നു. ഇപ്പോൾ സിനിമയിൽ അധികം സജീവമല്ലെങ്കിലും നൃത്താധ്യാപിക എന്ന നിലയിൽ ശോഭന വളരെ സജീവമാണ്. ഇടക്ക് ഇൻസ്റ്റഗ്രാമിലൂടെ നൃത്ത പാഠങ്ങൾ തന്റെ ആരാധകർക്ക് വേണ്ടിയും ശോഭന പങ്കുവെക്കാറുണ്ട്.

സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shobana at natyolsavam dance fest guru gopinath natanagramam