/indian-express-malayalam/media/media_files/uploads/2022/12/shobana.jpg)
എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ച, തിയേറ്ററിൽ വൻവിജയം നേടിയ ഒരു സിനിമ മാത്രമല്ല 'മണിച്ചിത്രത്താഴ്' മലയാളികൾക്ക്. അതിനപ്പുറം എക്കാലത്തെയും ക്ലാസ്സിക് ചിത്രങ്ങളിലൊന്നായി കൂടിയാണ് 'മണിച്ചിത്രത്താഴ്' ആഘോഷിക്കപ്പെടുന്നത്. ചിത്രത്തിലെ ഓരോ രംഗവും ഡയലോഗും ഗാനങ്ങളും എല്ലാം സിനിമാസ്വാദകര്‍ക്ക് മനപ്പാഠമാണ്. അതുകൊണ്ടു തന്നെയാവാം 'മണിച്ചിത്രത്താഴി'നെ കുറിച്ചുള്ള എന്തും കൗതുകത്തോടെ മാത്രം പ്രേക്ഷകർ നിരീക്ഷിക്കുന്നതും.
ശോഭന എന്ന നടിയ്ക്കു ഏറെ പ്രശംസകൾ നേടി കൊടുത്ത കഥാപാത്രമാണ് മണിച്ചിത്രത്താഴിലേത്. നാഗവല്ലിയെ പോലെയാകാൻ നോക്കുന്ന ഗംഗയെ അറിയാത്ത മലയാളികൾ കുറവായിരിക്കും. ചിത്രത്തിലെ വളരെ രസകരമായ ഒരു കാര്യം വെളിപ്പെടുത്തുകയാണ് ശോഭന. ചിത്രത്തിലെ പ്രധാന ഗാനമായ 'ഒരു മുറൈ വന്ത് പാർതായ' യെ ചുറ്റിപ്പറ്റിയുള്ള കാര്യമാണ് ശോഭന പറയുന്നത്. നൃത്തം ചെയ്യുന്ന കറുപ്പും വെളുപ്പും നിറങ്ങളുള്ള തറ ഗാനരംഗത്തിൽ തിളങ്ങുന്നതായി പ്രേക്ഷകനു അനുഭവപ്പെടും. അതങ്ങനെ തിളങ്ങുന്നത് എണ്ണ പുരട്ടിയതു കൊണ്ടാണെന്നാണ് ശോഭന പറയുന്നത്. ശോഭനയും ഒപ്പം നൃത്തം ചെയ്ത ശ്രീധറും ഇതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടിയെന്നും ശോഭന പറഞ്ഞു. തന്റെ വിദ്യാർത്ഥികൾക്കും ഇതേ ഗാനത്തിന്റെ ചുവടുകൾ പറഞ്ഞു കൊടുക്കുന്ന ശോഭനയെ വീഡിയോയിൽ കാണാം.
1993 ലാണ് ‘മണിച്ചിത്രത്താഴ്' പ്രദർശനത്തിനെത്തിയത്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ചിത്രം അതുവരെ മലയാളസിനിമ അധികമൊന്നും സംസാരിച്ചിട്ടില്ലാത്ത ഭ്രാന്ത്/ മാനസിക വിഭ്രാന്തികൾ തുടങ്ങിയ കാര്യങ്ങളാണ് ഇതിവൃത്തമായി സ്വീകരിച്ചത്. ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ഗംഗ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.