Latest News

‘മണിച്ചിത്രത്താഴി’ന്റെ 25-ാം വർഷം: ആരാധകരോട് ക്ഷമ പറഞ്ഞ് ശോഭന

മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസ്സിക് ഹിറ്റായ ‘മണിച്ചിത്രത്താഴ്’ 25-ാം വർഷത്തിലേക്ക്

മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസ്സിക് ഹിറ്റുകളിലൊന്നാണ് ‘മണിച്ചിത്രത്താഴ്’. മാടമ്പള്ളിയിലെ നാഗവല്ലിയേയും ഗംഗയേയും ഡോക്ടർ സണ്ണിയേയും ഗംഗയേയും നകുലനെയും ശ്രീദേവിയേയുമൊന്നും മലയാളിക്ക് അത്രപെട്ടെന്ന് മറക്കാനാവാത്ത വിധം ചിരപ്രതിഷ്ഠ നേടികൊടുത്ത ചിത്രം കൂടിയാണ് ‘മണിച്ചിത്രത്താഴ്’. ടെലിവിഷനിൽ ‘മണിച്ചിത്രത്താഴ്’ പ്രദർശിപ്പിക്കപ്പെടുമ്പോൾ എത്ര കണ്ടിട്ടും മടുക്കാതെ മലയാളി ഇന്നും സ്ക്രീനിലേക്ക് കണ്ണുനട്ടിരിക്കുന്ന കാഴ്ചയെ വിസ്മയകരം എന്നെ വിശേഷിപ്പിക്കാനാവൂ.

 

ഈ ഡിസംബറിൽ ‘മണിച്ചിത്രത്താഴ്’ ഇറങ്ങിയിട്ട് 25 വർഷങ്ങൾ പൂർത്തിയാവുകയാണ്. ചിത്രത്തിന് 25 വർഷം പൂർത്തിയാവുമ്പോൾ മറ്റൊരു ഡിസംബർ പകലിൽ ‘മണിച്ചിത്രത്താഴി’നെ ഓർമ്മിപ്പിക്കുകയാണ് നാഗവല്ലിയായും ഗംഗയായും പകർന്നാടി മലയാളിയെ വിസ്മയിപ്പിച്ച ശോഭന. ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്കാരവും ശോഭനയെ തേടിയെത്തിയിരുന്നു.

തന്റെ ഫെയ്സ്ബുക്ക് പേജിലാണ് ‘മണിച്ചിത്രത്താഴു’മായി ബന്ധപ്പെട്ട ഒരുപഴയ ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് ശോഭന ആരാധകരോട് നന്ദി പറഞ്ഞിരിക്കുന്നത്, ഒപ്പം തിരക്കുകൾക്കിടയിൽ ആരാധകരുടെയും മാധ്യമങ്ങളുടെയും അന്വേഷണങ്ങൾക്ക് മറുപടി നൽകാൻ കഴിയാതെ പോയതിന് ക്ഷമ ചോദിക്കുന്നുമുണ്ട് താരം. “എല്ലാ മീഡിയ സുഹൃത്തുക്കൾക്കും എക്കാലത്തെയും എന്റെ പ്രിയ സിനിമയായ ‘മണിച്ചിത്രത്താഴിന്റെ ഫാൻസിനും…. മാർഗ്ഗഴി പെർഫോമൻസുമായി ഞാൻ ചെന്നൈയിൽ തിരക്കിലാണ്, അതാണ് നിങ്ങളുടെ അന്വേഷണങ്ങൾക്ക് മറുപടി തരാൻ കഴിയാതെ പോയത്. ക്ഷമ ചോദിക്കുന്നു.

വർഷങ്ങളിത്ര കഴിഞ്ഞിട്ടും ആ സിനിമ ആളുകൾ മറന്നിട്ടില്ലെന്നതും കൂടുതൽ അഭിനന്ദനങ്ങൾ നേടുന്നതും വലിയൊരു കാര്യമാണ്. ശരിക്കും വിസ്മയകരമായി തോന്നുന്നു, എനിക്കു മാത്രമല്ല ചിത്രത്തിലെ മറ്റു ആർട്ടിസ്റ്റുകൾ, സംവിധായകൻ, ടെക്നീഷ്യൻമാർ എന്നിവർക്കും സമാന അനുഭവം തന്നെയായിരിക്കുമെന്ന് ഞാൻ കരുതുന്നു. അവരോടെല്ലാം എന്റെ സ്നേഹവും ബഹുമാനവും അറിയിക്കുന്നു,” ശോഭന കുറിക്കുന്നു.

ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാളം സിനിമ എന്ന വിശേഷണവും ‘മണിച്ചിത്രത്താഴി’നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, ബംഗാളി ഭാഷകളിലെല്ലാം ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. 1993 ല്‍ റിലീസ് ചെയ്ത ചിത്രം 365 ദിവസമാണ് കേരളത്തിലെ തിയേറ്റുകളിൽ ഓടിയത്. വൻ സാമ്പത്തികലാഭവും ചിത്രം നേടി കൊടുത്തു. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ അണിയറയിൽ പ്രഗത്ഭരായ നിരവധി സംവിധായകർ വർക്ക് ചെയ്തിട്ടുണ്ട്. ഒരു സെക്കന്റ് യൂണിറ്റ് സംവിധായക സംഘം തന്നെ ചിത്രത്തിനുണ്ടായിരുന്നു. പ്രിയദര്‍ശന്‍, സിദ്ദിഖ് – ലാല്‍, സിബി മലയില്‍ തുടങ്ങിയവരായിരുന്നു സെക്കന്റ് യൂണിറ്റിലെ സംവിധായകര്‍.

Read more: ഒരേ ഫ്രെയിമില്‍ ഒരിക്കല്‍ കൂടി, ഇഷ്ട താരങ്ങള്‍ വീണ്ടും ഒന്നിച്ചപ്പോള്‍

മധു മുട്ടം തിരക്കഥയൊരുക്കിയ ചിത്രം നിർമ്മിച്ചത് സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആയിരുന്നു. ആ വർഷം ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ‘മണിച്ചിത്രത്താഴ്’ സ്വന്തമാക്കിയിരുന്നു.

 

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shobana 25th years of manichitrathazhu

Next Story
‘ഒരു പാക് ഗായകനായാല്‍ മതിയായിരുന്നു’; ആതിഫ് അസ്‌ലമിനും റാഹത്ത് ഫത്തേഹിനുമെതിരെ സോനു നിഗത്തിന്റെ ഒളിയമ്പ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express