യുവനടന്മാർക്കിടയിൽ അസാധ്യമായ അഭിനയസിദ്ധിയുള്ള അഭിനേതാവാണ് ഷൈൻ ടോം ചാക്കോ. തേടിയെത്തുന്ന ഓരോ കഥാപാത്രത്തിലും തന്റേതായ കയ്യൊപ്പു പതിപ്പിക്കുന്ന നടൻ. ഉൾകാമ്പുള്ള കഥാപാത്രങ്ങളുമായി സമകാലിക മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ഷൈൻ.
സോഷ്യൽ മീഡിയയിൽ സജീവമായ ഷൈൻ രസകരമായ വീഡിയോകൾ പങ്കുയവയ്ക്കാറുണ്ട്. ഷൈനിന്റെ ട്രാവൽ റീൽ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുട്ടികൾക്കൊപ്പം ജീപ്പിൽ ചുറ്റിക്കറങ്ങുകയാണ് ഷൈൻ. ഇടയ്ക്ക് സെൽഫിയ്ക്കായി പോസ് ചെയ്യുന്നുമുണ്ട്. ഫൊട്ടൊഗ്രാഫറായ റിച്ചാർഡ് ആന്റണിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
കേരളത്തിനു പുറത്തുള്ള പ്രദേശത്തെവിടെയോ നിന്നുള്ള ദൃശ്യങ്ങളെന്നാണ് വ്യക്തമാകുന്നത്. മലൈക്കോട്ടൈയ് വാലിബന്റെ സെറ്റിൽ നിന്ന് തുടങ്ങിയ കമന്റുകളും വീഡിയോകൾക്ക് താഴെയുണ്ട്. എന്നാൽ ഷൈൻ ഷൂട്ടിങ്ങ് ആവശ്യത്തിന് പോയതാണോ അതോ അവധി ആഘോഷിക്കുകയാണോ എന്ന് വ്യക്തമല്ല. എന്തിരുന്നാലും വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
സമീപകാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ നടനാണ് ഷൈൻ ടോം ചാക്കോ. കഥാപാത്രങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയുമായിരുന്നു ഷൈൻ ആളുകൾക്കിടയിൽ സുപരിചിതനായത്. സിദ്ധാർത്ഥ് ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ജിന്നാ’ണ് ഷൈൻ അവസാനമായി അഭിനയിച്ച ചിത്രം. ബുമറാംഗ്, നീലവെളിച്ചം, അയ്യര് കണ്ട ദുബായ് എന്നിവയാണ് ഷൈനിന്റെ പുതിയ ചിത്രങ്ങൾ.