സമീപകാലത്ത് ഏറെ ജനപ്രീതി നേടിയ രണ്ടു ഡാൻസ് സീനുകളാണ് ‘ഭീഷ്മപർവ്വ’ത്തിലെ രതിപുഷ്പവും ‘ന്നാ താൻ കേസ് കൊടി’ലെ ദേവദൂതർ പാടിയും. രതിപുഷ്പം പാട്ടുസീനിലെ ആ ഡാൻസ് രംഗത്ത് തിളങ്ങിയത് ഷൈൻ ടോം ചാക്കോയായിരുന്നു. അതേസമയം, ദേവദൂതർ പാടി തരംഗമാക്കി മാറ്റിയതും ചാക്കോച്ചനും.
ഷൈൻ ടോം ചാക്കോയും ചാക്കോച്ചനും ഒരുമിച്ച് ദേവദൂതർ പാടിയ്ക്ക് അനുസരിച്ച് ചുവടുവെച്ചാൽ എങ്ങനെയുണ്ടാവും? രസകരമായ അത്തരമൊരു ആലോചനയിൽ നിന്നും പിറന്ന അനിമേഷൻ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
ദേവദൂതറിനു അനുസരിച്ച് കൊഴുമ്മൽ രാജീവൻ (ചാക്കോച്ചൻ) ചുവടുവയ്ക്കുമ്പോൾ, രംഗത്തേക്ക് കടന്നുവരുകയാണ് പീറ്റർ അഞ്ഞൂറ്റി (ഷൈൻ). “നിർത്ത് നിർത്ത് സൗണ്ട് നിർത്തിയേ… ഞാനൊരു സ്റ്റെപ്പ് കാണിക്കാം, നല്ലോണം ഒടിഞ്ഞിങ്ങ് വരണം,” എന്നാണ് കൊഴുമ്മൽ രാജീവന് പീറ്റർ നിർദേശം നൽകുന്നത്. തുടർന്ന് ഇരുവരും ഒന്നിച്ച് ഡാൻസ് ചെയ്യുന്നതും വീഡിയോയിൽ കാണാം. വരയാടിയാണ് ഈ ആനിമേഷൻ വീഡിയോ ഒരുക്കിയത്.
സമീപകാലത്ത് വലിയ തരംഗമാണ് ചാക്കോച്ചന്റെ ദേവദൂതർ സൃഷ്ടിച്ചത്. 13 മില്യൺ വ്യൂസ് ആണ് ഇതിനകം വീഡിയോ സ്വന്തമാക്കിയത്. റീലുകളിലും സോഷ്യൽ മീഡിയയിലും ആഘോഷവേളകളിലുമെല്ലാം ദേവദൂതർ തരംഗമാണ്.
ഭീഷ്മയിലെ രതിപുഷ്പം പാട്ടും ഇത്തരത്തിൽ ശ്രദ്ധ നേടിയതാണ്. ഷൈൻ ടോം കഥാപാത്രത്തിനായി സംഭാവന ചെയ്തതാണ് ആ വൈറൽ സ്റ്റെപ്പുകൾ. അതിനെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ ഷൈൻ പറഞ്ഞതിങ്ങനെ: “പൂൾ ഡാൻസേഴ്സും ലേഡീസ് പബ്ബിൽ സ്ട്രിപ്പ് ഡാൻസ് ചെയ്യുന്ന ജിഗോളാസുമൊക്കെ കളിക്കുന്ന തരത്തിലുള്ള സ്റ്റെപ്പാണത്. ഞാനും സൗബിനും കൂട്ടുകാരുമൊക്കെ കളിതമാശ പറഞ്ഞിരിക്കുമ്പോൾ തമാശയ്ക്ക് കാണിക്കുന്ന ഐറ്റം. ഭീഷ്മപർവ്വം ചർച്ചയ്ക്കിടെ അമലും ഞങ്ങളുമെല്ലാവരും ഇരുന്ന് ആ സ്റ്റുഡിയോ സീനിനെ കുറിച്ച് സംസാരിക്കുകയാണ്. നായകനെ വളക്കാൻ നോക്കുന്ന പ്രൊഡ്യൂസർ ആണല്ലോ അതിൽ, ആണുങ്ങളുടെ സെക്ഷ്വൽ ഓറിയന്റേഷനെ കുറിച്ചൊക്കെ സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് സൗബിൻ ‘നീയാ സ്റ്റെപ്പ് കാണിച്ചേ’ എന്നു പറയുന്നത്. ഞാനത് കാണിച്ചപ്പോൾ അമലിന് ഇഷ്ടമായി, നമുക്കിതുകൂടി ഉൾപ്പെടുത്താം എന്നായി അമൽ. ഒരു നടനെന്ന രീതിയിൽ ഇത്തരം പുതിയ കാര്യങ്ങൾ കൂടി ട്രൈ ചെയ്തു നോക്കണമല്ലോ, അങ്ങനെ ചെയ്തതാണ്.”