യുവനടന്മാർക്കിടയിൽ അസാധ്യമായ അഭിനയസിദ്ധിയുള്ള അഭിനേതാവാണ് ഷൈൻ ടോം ചാക്കോ. തേടിയെത്തുന്ന ഓരോ കഥാപാത്രത്തിലും തന്റേതായ കയ്യൊപ്പു പതിപ്പിക്കുന്ന നടൻ. ഉൾകാമ്പുള്ള കഥാപാത്രങ്ങളുമായി സമകാലിക മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ഷൈൻ.
പുതിയ ചിത്രമായ ‘അടി’യുടെ പ്രമോഷൻ തിരക്കിലാണ് ഷൈൻ. ഒരു ഓൺലൈൻ ചാനലിനു ഷൈൻ നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ വിവാഹത്തെയും കുട്ടിയെക്കുറിച്ചുമൊക്കെ ഷൈൻ അഭിമുഖത്തിൽ പറയുന്നുണ്ട്. താരം ഇതുവരെ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് എവിടെയും തുറന്നു പറഞ്ഞിട്ടില്ല. ‘അടി’യുടെ ടീസറിൽ ഷൈൻ വിവാഹം ചെയ്യുന്ന രംഗത്തെ കുറിച്ച് അവതാരക ചോദിച്ചപ്പോഴായിരുന്നു ഷൈനിന്റെ മറുപടി.
“വിവാഹം കഴിക്കുന്നത് എങ്ങനെയെന്നൊക്കെ മറന്നു പോയി. പക്ഷെ കല്യാണ കഴിച്ച് എട്ടു വയസ്സുള്ള കുട്ടിയുണ്ട് എനിക്ക്. സിയൽ എന്നാണ് അവന്റെ പേര്. അമ്മയും മകനും ഇപ്പോൾ മറ്റൊരു ഭൂഖണ്ഡത്തിലാണ്. സെപ്പറേറ്റടായി കഴിഞ്ഞാൽ ആരെങ്കിലും ഒരാളുടെ അടുത്ത് സ്ഥിരമായി നിൽക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ രണ്ടു സ്ഥലത്തെയും കുറ്റങ്ങൾ കേട്ട് വളരേണ്ടി വരും. അപ്പോൾ അവനു കൺഫ്യൂഷനാകും” ഷൈൻ പറയുന്നു.
പ്രശോഭ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘അടി.’ രതീഷ് രവി തിരക്കഥ എഴുതിയ ചിത്രത്തിൽ അഹാന കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്നു. ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രം ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തും.