‘വെയില്‍’ സിനിമയുടെ ചിത്രീകരണത്തില്‍ നിസഹകരിച്ചെന്ന് ആരോപിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ് നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഷെയ്‌നിന് നിർമാതാക്കൾ വിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ട്. നിർമാതാവിനും സംവിധായകനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഷെയ്‌നും രംഗത്തെത്തിയിട്ടുണ്ട്. ഷെയ്‌നും ജോബി ജോർജും തമ്മിലുള്ള പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാവുന്ന വിഷയങ്ങളായിരുന്നെന്ന് ‘വെയിൽ’ സിനിമയിലെ മറ്റൊരു നടനായ ഷെെൻ ടോം ചാക്കോ പറഞ്ഞു.

ജോബി ജോര്‍ജും ഷെയ് ന്‍ നിഗവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തെന്നാണ് വാര്‍ത്തകളില്‍ നിന്ന് അറിഞ്ഞത്. അതിനുശേഷമാണ് ‘വെയില്‍’ സിനിമയുടെ ഷൂട്ടിങ് വീണ്ടും ആരംഭിച്ചത്. നിര്‍മാതാവ് ജോബി ജോര്‍ജ് സെറ്റില്‍ അധികം വരാറില്ല. അതുകൊണ്ട് തന്നെ ഷെയ്‌നും ജോബി ജോര്‍ജും തമ്മില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് അറിയില്ല. സംവിധായകന്‍ ശരത് മേനോനുമായും ഷെയ്ന്‍ സൗഹൃദപരമായാണ് പെരുമാറിയതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. മനോരമ ന്യൂസ് ഡോട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ടോം ചാക്കോ ഇക്കാര്യം പറഞ്ഞത്.

Read Also: ‘നീ ഹിമമഴയായ് വരൂ’; അഹാനയുടെ ശബ്ദത്തിൽ ആ പ്രണയഗാനം

ഷെയ്‌നിന്റെ പ്രായമാണ് അയാൾ ഇത്രയധികം പ്രതികരിക്കാൻ കാരണമെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഷെെൻ ടോം ചാക്കോ പറഞ്ഞു. പക്വത എത്താത്തതിന്റെ പ്രശ്നങ്ങളാണ്. അത് മുതിർന്നവരാണ് മനസിലാക്കേണ്ടത്. ഒരു കുടുംബത്തിന്റെ പൂർണ ഉത്തരവാദിത്തം ഷെയ്‌നിലാണ്. അതിന്റേതായ പ്രശ്‌നങ്ങൾ അവനുണ്ട്. അങ്ങനെ വരുമ്പോൾ മറ്റുള്ളവർ പ്രതീക്ഷിക്കുന്ന പെരുമാറ്റം അവനിൽ നിന്ന് ഉണ്ടായിട്ടുണ്ടാകില്ല. നിർമാതാവ് ജോബി സാറും ഷെയ്നും തമ്മിൽ അച്ഛനും മകനും തമ്മിലുള്ളപോലെ തലമുറ വ്യത്യാസം ഉണ്ട്. അപ്പോൾ കുറച്ചൊക്കെ ക്ഷമിക്കേണ്ടത് മുതിർന്നവരാണെന്നും ഷെെൻ ടോം ചാക്കോ പറഞ്ഞു.

തനിക്കെതിരെയുള്ള ആരോപണങ്ങളെ നിഷേധിച്ച് ഷെയ്‌ൻ രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും നേരത്തെയുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചതിന് പിന്നാലെ ഖുർബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം നവംബർ 16ന് വെയിൽ സിനിമയുടെ ചിത്രീകരണത്തിന് ജോയിൻ ചെയ്തുവെന്നും ഷെയ്ൻ വ്യക്തമാക്കി. ചിത്രീകരണത്തിൽ പങ്കെടുത്ത സമയവിവരം ഉൾപ്പടെ ഫെയ്സ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് താരം പ്രതികരിച്ചത്.

Read Also: പുതിയ യൂട്യൂബ് ചാനലുമായി മുടിയനും സംഘവും; ഉപ്പും മുളകും വൈറൽ വീഡിയോ

“സിനിമയുടെ ചിത്രീകരണം പൂർത്തീകരിക്കാൻ 24 ദിവസം വേണ്ടി വരും. വെയില്‍ എന്ന സിനിമയ്ക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട്‌ പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ട്.” ഷെയ്ൻ നിഗം പറഞ്ഞു.

ഷെയ്ൻ ചിത്രീകരണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് പരാതി നല്‍കിയത്. ഷെയ്നിന്റെ നിസഹകരണത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം തടസപ്പെട്ടിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. തുടര്‍ച്ചയായി ഷൂട്ടിങ് മുടങ്ങുന്ന സാഹചര്യമാണെന്നും ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടം ഷെയിൻ ഉണ്ടാക്കിയെന്നും ജോബി ജോര്‍ജ് പരാതിയില്‍ വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook