ഷൈൻ ടോം ചാക്കോ, സംയുക്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ബൂമറാംഗ്.’ ഫെബ്രുവരി 24നു റിലീസിനെത്തുന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് അണിയറപ്രവർത്തകർ. ഷൈൻ ടോം, ഡെയിൻ ഡേവിസ്, ചിത്രത്തിന്റെ നിർമാതാവ് എന്നിവർ പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ നടി സംയുക്തയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘വാത്തി’ എന്ന ചിത്രമാണ് സംയുക്തയുടെ അവസാനമായി പുറത്തിറങ്ങിയത്. ധനുഷായിരുന്നു ചിത്രത്തിലെ നായകൻ.മലയാള ചിത്രങ്ങളിൽ താൻ ഇനി അഭിനയിക്കുന്നില്ലെന്നാണ് സംയുക്തയുടെ തീരുമാനമെന്നാണ് നിർമാതാവ് പറയുന്നത്.
‘ബൂമറാംഗി’ലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംയുക്തയാണ്. ചിത്രത്തിന്റെ പ്രമോഷനായി നടി വന്നില്ല. ഇതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ മറുപടി നൽകുകയായിരുന്നു അണിയറപ്രവർത്തകർ. കഴിഞ്ഞ ദിവസം തന്റെ പേരിലുള്ള ജാതി വാൽ മാറ്റുന്നതായി സംയുക്ത പറഞ്ഞിരുന്നു, ഇതും ചേർത്താണ് ഷൈൻ മറുപടി പറഞ്ഞത്.” ഒരു ജോലി ഏറ്റെടുത്താൽ അത് പൂർണമാക്കാനുള്ള കടമയുണ്ട്. മേനോനായാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്‌ലീമായാലും എന്താ കാര്യം, ആദ്യം മനുഷ്യനാകണം.ഭൂമിയിൽ വന്നതിനു ശേഷമല്ലേ എല്ലാവർക്കും പേരൊക്കെ കിട്ടുന്നത്” ഷൈൻ പറഞ്ഞു.
“മലയാള സിനിമ ഇനി ചെയ്യുന്നില്ലെന്നാണ് അവർ എന്നോടു പറഞ്ഞത്.ഞാൻ ചെയ്യുന്ന ചിത്രങ്ങളെല്ലാം ഇപ്പോൾ മാസ്സീവ് റിലീസാണ്.35 കോടിയുടെ ചിത്രമാണ് ഞാൻ ചെയ്യുന്നത്. എനിക്ക് എന്റേതായ കരിയറുണ്ട്. ഹൈദരാബാദിൽ ഞാൻ സെറ്റിൽഡാണ്. നാളെ ബാങ്കോക്കിലേക്ക് പോകും എന്നൊക്കെ അവർ പറഞ്ഞു. ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് സംയുക്ത. അത് അവർ മനോഹരമായി ചെയ്‌തിട്ടുമുണ്ട്” നിർമാതാവ് വാക്കുകളിങ്ങനെ.
സിനിമാമേഖലയിൽ ആത്മാർത്ഥമായി നിന്നാൽ മാത്രമെ ഇവിടെ നിലനിൽക്കാനാകൂ എന്നും ഷൈൻ കൂട്ടിച്ചേർത്തു. മോഹൻലാൽ ചിത്രം ‘റാം’, തെലുങ്ക് ബിഗ് ബജറ്റ് ചിത്രം ‘ബിംബിസാര’ എന്നിവയാണ് സംയുക്തയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.