മുംബൈ: ആരാധനയും വിശ്വാസവും കൂടിയാല്‍ എത്ര പണം ചെലവഴിക്കാനും ആളുകള്‍ തയ്യാറാണ്. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ സീല്‍ പൊട്ടിക്കാത്ത കവറിനുള്ളില്‍ ഐഫോണ്‍ സിക്‌സ് കണ്ടെത്തിയത് വാര്‍ത്തയായിരുന്നു.
ഒരു വിശ്വാസി മുംബൈയിലെ ഷിര്‍ദ്ദി സായി ബാബ ക്ഷേത്രത്തിലേക്ക് 39 ലക്ഷം രൂപയുടെ വിളക്ക് സംഭാവനയായി നല്‍കിയതും വാര്‍ത്തകളില്‍ നിറഞ്ഞു. ജയന്ത്ഭായ് എന്ന മുംബൈ സ്വദേശിയാണ് അന്ന് വിളക്ക് സമ്മാനിച്ചത്. എന്നാല്‍ സായി ബാബ ക്ഷേത്രത്തില്‍ ഒരു ബോളിവുഡ് താരം ലക്ഷങ്ങള്‍ സംഭാവന ചെയ്തെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബോളിവുഡ് താരം ശില്‍പ ഷെട്ടി ശ്രിദ്ധിയിലെ സായി ബാബ ക്ഷേത്രം കഴിഞ്ഞ ദിവസമാണ് സന്ദര്‍ശിച്ചത്. കുടുംബത്തോടൊപ്പമാണ് ശില്‍പ ക്ഷേത്രത്തിലെത്തിയത്. 800 ഗ്രാം തൂക്കമുളള സ്വര്‍ണക്കിരീടവും നടി ക്ഷേത്രത്തിനായി സംഭാവന ചെയ്തു. ക്ഷേത്രത്തില്‍ എത്തിയതിന്റെ ചിത്രം നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
നമ്മള്‍ ദാനം നല്‍കുന്ന പണത്തേക്കാളും മൂല്യം നമ്മുടെ ഹൃദയത്തിലുളള വിശ്വാസമാണെന്ന് ക്ഷേത്ര സന്ദര്‍ശനത്തിനിടെ ശില്‍പ പറഞ്ഞു. ഭര്‍ത്താവ് രാജ് കുന്ദ്ര, മാതാവ് സുനന്ദ ഷെട്ടി, മകന്‍ വിയാന്‍ രാജ് കുന്ദ്ര, സഹോദരി ഷമിത ഷെട്ടി എന്നിവര്‍ക്കൊപ്പമാണ് നടി ക്ഷേത്രത്തിലെത്തിയത്. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും സായി ബാബ ക്ഷേത്രത്തില്‍ ശില്‍പ സന്ദര്‍ശനം നടത്താറുണ്ട്.
‘നന്ദി സായി, ക്ഷമയും വിശ്വാസവുമാണ് പ്രധാനപ്പെട്ടതെന്ന് നിങ്ങള്‍ എന്നി പഠിപ്പിച്ചിട്ടുണ്ട്. എന്നേയും എന്റെ കുടുംബത്തേയും എന്നും സംരക്ഷിച്ചിട്ടുണ്ടെന്ന് അറിയുമ്പോള്‍ ഞാന്‍ തല കുമ്പിട്ട് വണങ്ങുകയാണ്,’ ശില്‍പ ഷെട്ടി കുറിച്ചു. ഏകദേശം 25 ലക്ഷത്തോളം രൂപ കണക്കാക്കപ്പെടുന്ന കിരീടമാണ് ശില്‍പ സംഭാവന ചെയ്തത്.