ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി രാജ് കുന്ദ്രയെ വിവാഹം ചെയ്തത് 2009ലാണ്. എന്നാല്‍ അതിന് മുമ്പ് തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്നും അത് തകര്‍ന്നപ്പോള്‍ തന്റെ ഹൃദയവും കൂടെ തകര്‍ന്നുവെന്നും ശില്‍പ്പ ഷെട്ടി പറയുന്നു.
‘എന്റെ സുഹൃത്ത് അയാളുമായി ഒരു പന്തയം വച്ചിരുന്നു. അയാള്‍ പറഞ്ഞു എന്നെ പ്രണയിക്കുമെന്ന്. കേള്‍ക്കുമ്പോള്‍ സിനിമാക്കഥ പോലെ തോന്നിയേക്കാം. പക്ഷെ സത്യമാണ്. ഞങ്ങള്‍ പ്രണയത്തിലായി, പിന്നീട് ആ ബന്ധം തകര്‍ന്നു. കാരണം പന്തയം ജയിക്കുക എന്നതുമാത്രമായിരുന്നു അയാളുടെ ലക്ഷ്യം. ഞാന്‍ വിഷാദത്തിലായി എന്നു പറയാന്‍ പറ്റില്ല, പക്ഷെ അതെന്റെ ഹൃദയം തകര്‍ത്തു കളഞ്ഞു,’ ശില്‍പ്പ പറയുന്നു.
പിന്നീടാണ് ശില്‍പ്പ രാജ് കുന്ദ്രയെ കണ്ടുമുട്ടുന്നത്. ഇരുവരുടേയും ബന്ധത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ. ‘കുന്ദ്രയുടെ പക്കല്‍ എനിക്കായി കുറച്ചു സാധനങ്ങള്‍ ഉണ്ടായിരുന്നു. അത് തരാന്‍ വേണ്ടി മാത്രം അദ്ദേഹം ലണ്ടനില്‍ നിന്നും മുംബൈയിലെത്തി. ആദ്യ ദിവസം വളരെ വര്‍ണാഭമായൊരു ബാഗ് അദ്ദേഹം എനിക്ക് അയച്ചു തന്നു. അടുത്ത ദിവസം മറ്റൊരു ബാഗ് അയച്ചു,’ ശില്‍പ്പ പറയുന്നു.

പക്ഷെ ശില്‍പ്പയ്ക്ക് ഇത്തരം കാര്യങ്ങൾ താത്പര്യമില്ലായിരുന്നു. ‘ഉടന്‍ തന്നെ ഞാന്‍ ഫോണെടുത്ത് അദ്ദേഹത്തെ വിളിച്ചു. എനിക്ക് മുംബൈ വിട്ട് ലണ്ടനിലേക്ക് വരാന്‍ താത്പര്യമില്ലെന്നും അതുകൊണ്ടുതന്നെ നമുക്കിടയില്‍ ഒന്നും സംഭവിക്കില്ലെന്നും ഞാന്‍ കുന്ദ്രയോടു പറഞ്ഞു. ആ സമയത്ത് ഞാന്‍ വിവാഹം കഴിച്ച് സെറ്റില്‍ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു താനും അങ്ങനെ ആലോചിക്കുന്നുവെന്ന്. അദ്ദേഹം തന്നെ മുംബൈയിലെ മേല്‍വിലാസം എനിക്ക് തരികയും, അങ്ങോട്ട് വരാന്‍ പറയുകയും ചെയ്തു. അങ്ങനെയാണ് ഈ ബന്ധം ആരംഭിക്കുന്നത്,’ ശില്‍പ്പ ഷെട്ടി പറഞ്ഞു.