നീണ്ട പതിനാലു വർഷത്തിനു ശേഷം ശിൽപ ഷെട്ടി പ്രിയദർശന്റെ കോമഡി ചിത്രമായ ഹംഗാമ 2 ലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. എന്നാൽ ചിത്രം റിലീസ് ചെയ്യുന്നതിനു ദിവസങ്ങൾക്കു മുൻപാണ് ശിൽപയുടെ ഭർത്താവ് രാജ് കുന്ദ്ര അശ്ലീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായത്. ഇപ്പോഴിതാ ആരാധകരോട് സിനിമ കാണണം എന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് താരം.
സിനിമ നിരവധി പേരുടെ പ്രയത്നമാണ് അതിനെ ബാധിക്കാൻ പാടില്ല എന്നാണ് ശിൽപ ട്വിറ്ററിലൂടെ പറഞ്ഞത്. “ഞാൻ യോഗയുടെ പഠനത്തിലും പരിശീലനത്തിലും വിശ്വസിക്കുന്നു, “ജീവിതം നിലനിൽക്കുന്ന ഒരേയൊരു നിമിഷം ഇപ്പോഴാണ്.” ഒരു നല്ല സിനിമ നിർമ്മിക്കാൻ വളരെ കഠിനാധ്വാനം ചെയ്ത ഒരു മുഴുവൻ ടീമിന്റെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഹംഗാമ 2. ആ സിനിമയെ ബാധിക്കരുത്.. ഒരിക്കലും,” ശിൽപ ഷെട്ടി ട്വിറ്ററിൽ കുറിച്ചു.
മറ്റൊരു പോസ്റ്റിൽ ആരാധകരോട് കുടുംബസമേതം ചിത്രം കാണണമെന്നും ശിൽപ ഷെട്ടി അഭ്യർത്ഥിച്ചു. “ഇന്ന് ഞാൻ നിങ്ങളോട് എല്ലാവരോടും സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും വേണ്ടി നിങ്ങളുടെ മുഖത്ത് ചിരി വിരിയിക്കാൻ കുടുംബവുമൊത്ത് ഹംഗാമ 2 കാണാൻ അഭ്യർത്ഥിക്കുന്നു. നന്ദിയോടെ ശിൽപ ഷെട്ടി കുന്ദ്ര.”
Also read: ഒരിടവേളയ്ക്ക്ശേഷം മേഘ്ന ക്യാമറയ്ക്ക് മുന്നിലേക്ക്; സന്തോഷം പങ്കുവച്ച് നസ്രിയ
തിങ്കളാഴ്ചയാണ് അശ്ലീലചിത്രം നിർമിച്ചു മൊബൈൽ ആപ്പുകളിലൂടെ വിതരണം നടത്തിയതിന് രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈ കോടതിയിൽ ഹാജരാക്കിയ കുന്ദ്രയെ ജൂലൈ 23 വരെ പൊലീസ് കസ്റ്റഡിയിൽ വിടുകയും വെള്ളിയാഴ്ച കസ്റ്റഡി കാലാവധി ജൂലൈ 27വരെ നീട്ടുകയും ചെയ്തിരുന്നു. കേസിൽ ശിൽപ ഷെട്ടിക്ക് ബന്ധമില്ലെന്ന് പൊലീസ് നേരത്തെ തന്നെ വ്യകതമാക്കിയിരുന്നു എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി ശിൽപയുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തിയിരുന്നു.
2003ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രം ഹംഗാമയുടെ രണ്ടാം ഭാഗമായാണ് ഹംഗാമ 2 എത്തുന്നത്. ശിൽപ ഷെട്ടിക്ക് പുറമെ, പരേഷ് റാവൽ, മീസാൻ ജെഫ്രി, പ്രണിത സുഭാഷ്, രാജ്‌പാൽ യാദവ്, ജോണി ലെവർ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഡിസ്നി പ്ലസ് ഹോറസ്റ്ററിലൂടെ ഒടിടി റിലീസ് ആയിട്ടാണ് ചിത്രം എത്തിയിരിക്കുന്നത്.