ഫിറ്റ്‌നെസ്സിന്റെ കാര്യത്തിൽ ബോളിവുഡിൽ ശില്‍പ ഷെട്ടിയെ കഴിഞ്ഞേ മറ്റു നായികമാർ വരൂ. വർഷങ്ങളായി മുടങ്ങാതെ യോഗയിലൂടെയും നിത്യേനയുള്ള വ്യായാമമുറകളിലൂടെയും തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ മറ്റാരേക്കാളും മുന്നിലാണ് ശില്‍പ. പ്രായം വെറും അക്കം മാത്രമാണെന്ന് ജീവിതം കൊണ്ടു ഓർമ്മിക്കുന്ന താരം കൂടിയാണ് ശില്‍പ ഷെട്ടി. 47-ാം വയസ്സിലും ഫിറ്റ്നസിന് പ്രാധാന്യം നൽകി ചെറുപ്പവും ചുറുചുറുക്കും നിലനിർത്തുകയാണ് ശില്‍പ.
യോഗയാണ് ശിൽപ്പയുടെ പ്രിയപ്പെട്ട വ്യായാമരീതി. വർഷങ്ങളായി യോഗ ദിനചര്യയുടെ ഭാഗമായി കൊണ്ടു നടക്കുന്നയാളാണ് ശിൽപ. യോഗയുടെ ഗുണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആളുകളിലേക്ക് എത്തിക്കാനും താരം മടിക്കാറില്ല.
കാലില്‍ ഉണ്ടായ പരുക്കു മൂലം കുറച്ചു നാളുകളായി വിശ്രമത്തിലാണ് ശില്‍പ. ആമസോണ്‍ സീരീസായ ‘ ഇന്‍ഡ്യന്‍ പോലീസ് ഫോഴ്‌സ്’ ന്റെ ചിത്രീകരണവേളയിലാണ് ശില്‍പയ്ക്ക് പരിക്കു പറ്റിയത്.
പരുക്കൊന്നും യോഗ പ്രാക്റ്റീസിനു മുന്നിൽ ശിൽപ്പയ്ക്ക് വിലങ്ങുതടിയാവുന്നില്ല. വീൽചെയറിൽ ഇരുന്ന് യോഗ ചെയ്യുന്ന വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് താരം ഇപ്പോൾ. പ്രശ്നമാണോ അതോ പ്രശ്നത്തോടുള്ള നമ്മുടെ മനോഭാവമാണോ യഥാർത്ഥ പ്രശ്നം? എന്നാണ് വീഡിയോ ഷെയർ ചെയ്ത് ശിൽപ ചോദിക്കുന്നത്.
ഇന്ന് രാവിലെ ഈ ചിന്തയെന്നെ ചിന്തിപ്പിച്ചു. ഒരു പരുക്ക് എന്റെ ദിനചര്യ ആസ്വദിക്കുന്നതിൽ നിന്ന് എന്നെ തടയുന്നത് എന്തുകൊണ്ട്? അങ്ങനെ ഒരവകാശം പരുക്കിനു കൊടുക്കില്ലെന്ന് ഞാൻ തീരുമാനിച്ചു,” ശിൽപ പറയുന്നു.