ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ അമ്മ സുനന്ദ ഷെട്ടി കുറച്ചു ദിവസമായി ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയുടെ സർജറിയെ കുറിച്ച് ആലോചിച്ച് മനോവിഷമം അനുഭവിക്കുകയായിരുന്നു താരം. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് സുനന്ദയുടെ സർജറി നടന്നത്. ഇപ്പോഴിതാ, അമ്മയുടെ സർജറി വിജയകരമായി പൂർത്തിയായെന്നും അവർ ഏറെ ശക്തയായ സ്ത്രീയാണെന്നും പറയുകയാണ് ശിൽപ.
സർജറി ചെയ്യാനുള്ള സ്ഥിതി എന്താണെന്ന് ഇതുവരെ വ്യക്തമല്ല. എന്തിരുന്നാലും ഡോക്ടർ രാജീവ് ബാഗ്വതിനെ പ്രശംസിക്കുന്നുണ്ട് ശിൽപ. സുഷ്മിത സെനിനു ഹൃദയാഘാതം വന്നപ്പോൾ ചികിത്സിച്ചതും ഇതേ ഡോക്ടറായിരുന്നു. അമ്മ ആശുപത്രിയിൽ കിടക്കുമ്പോൾ മക്കൾക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും ശിൽപ പങ്കുവച്ച വൈകാരികമായ കുറിപ്പിൽ പറയുന്നു.
“അമ്മ സർജറിയിൽ കൂടി കടന്നു പോകുന്നത് കണ്ടു നിൽക്കുന്ന ഏതൊരു കുട്ടിയ്ക്കും ബുദ്ധിമുട്ടാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമ്മ കടന്നു പോകുന്ന കഷ്ടതകളെ നേരിടുന്ന രീതി കാണുമ്പോൾ എനിക്ക് അത്ഭുതവും അഭിമാനവുമാണ് തോന്നുന്നത്” അമ്മ ഡോക്ടർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് താരം കുറിച്ചു.
ശിൽപയുടെ സഹോദരി ഷമിത ഷെട്ടിയും കുറിപ്പിനു താഴെ കമന്റു ചെയ്തിട്ടുണ്ട്. “അതെ നമ്മുടെ അമ്മ വളരെ ശക്തയാണ്” എന്ന് ഷമിത കുറിച്ചു. രവീണ ടാണ്ടൻ, ഫാറ ഖാൻ എന്നിവരും അമ്മ ആരോഗ്യത്തോടെ തിരിച്ചുവരാനുള്ള ആശംസകൾ അറിയിക്കുന്നുണ്ട്.