ശിൽപ്പ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയ വർഷമാണ് 2020. മകൻ ഏഴുവയസ്സുകാരൻ വിയാന് ഒരു കൂട്ടായി എത്തിയ മാലാഖക്കുട്ടിക്ക് സമിഷ എന്നാണ് ശിൽപ്പയും രാജും പേരു നൽകിയിരിക്കുന്നത്. വാടകഗർഭപാത്രത്തിലൂടെയായിരുന്നു സമിഷയുടെ ജനനം. ഒരു മകൾക്കായി തങ്ങൾ അനുഭവിച്ച വേദനകളുടെയും കാത്തിരിപ്പിന്റെയും കഥ പറയുകയാണ് ശിൽപ്പ ഷെട്ടി.

“വിയാൻ ജനിച്ചു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ മറ്റൊരു കുട്ടി കൂടെ വേണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ എപിഎൽഎ എന്നു പേരുള്ള ഒരു ഓട്ടോ ഇമ്യൂൺ അസുഖം ഓരോ തവണയും എന്റെ പ്രഗ്നൻസിയിൽ വില്ലനായി. നിരവധി തവണ ഗർഭഛിന്ദ്രം സംഭവിച്ചു,” നാൽപ്പത്തിനാലുകാരിയായ ശിൽപ്പ പറയുന്നു.

“മകൻ ഒറ്റക്കുട്ടിയായി വളരുന്നത് തനിക്ക് ഓർക്കാൻ പോലും ഇഷ്ടമുണ്ടായിരുന്നില്ല. ഒരു സഹോദരനോ സഹോദരിയോ ഉണ്ടാവുന്നത് എത്രത്തോളം പ്രധാനമാണെന്ന് ജീവിതത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയതാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ ഒരു കുഞ്ഞിനായി ശ്രമിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെ കുറിച്ചും ഞങ്ങൾ ആലോചിച്ചു. അതിനു വേണ്ടി നാലു വർഷത്തോളം ഞങ്ങൾ ശ്രമിച്ചു. പക്ഷേ ചില നിയമപ്രശ്നങ്ങൾ മൂലം അതും നടന്നില്ല. അങ്ങനെയാണ് സറോഗസിയെ (വാടകഗർഭപാത്രം) കുറിച്ച് ആലോചിക്കുന്നത്. ആദ്യത്തെ മൂന്നു ശ്രമങ്ങളും പരാജയപ്പെട്ടു. നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ ഇനിയൊരു കുഞ്ഞ് എന്ന സ്വപ്നം അപ്പോഴേക്കും ഏറെക്കുറെ ഞാനുപേക്ഷിച്ചിരുന്നു, അപ്പോഴാണ് സമിഷ വന്നത്. ” പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ ശിൽപ്പ ഷെട്ടി പറഞ്ഞു.

മാതൃദിനത്തിൽ ശിൽപ്പ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. “ഒരു കുട്ടി വേണമെന്ന തീരുമാനം എടുക്കുക വളരെ പ്രധാനമാണ്. നിങ്ങളുടെ ഹൃദയത്തെ ശരീരത്തിൽ നിന്നും എന്നേക്കുമായി പുറത്തുകടക്കാൻ അനുവദിക്കുക എന്നതു കൂടിയാണ് ആ തീരുമാനം,” എന്ന എലിസബത്ത് സ്റ്റോണിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു ശിൽപ്പയുടെ കുറിപ്പ്. “എന്റെ ഹൃദയത്തിന്റെ രണ്ടു ഭാഗങ്ങളായ വിയാനും സമിഷയും. നിങ്ങൾ രണ്ടുപേരും എന്നെ പൂർണരാക്കുന്നു,” എന്നാണ് ശിൽപ്പ കുറിച്ചത്.

‘ദൈവത്തെ പോലെ ഒരാളെ ലഭിച്ചിരിക്കുന്നു’ എന്നാണ് സമിഷ എന്ന വാക്കിന്റെ അർത്ഥമെന്ന് മുൻപൊരിക്കൽ ശിൽപ്പ വ്യക്തമാക്കിയിരുന്നു. സ എന്ന സംസ്കൃത വാക്കും മിഷ എന്ന റഷ്യൻ വാക്കും ചേർത്തുവെച്ചാണ് ശിൽപ്പയും രാജും മകൾക്കുള്ള പേരു കണ്ടെത്തിയിരിക്കുന്നത്. 2009 ലാണ് ശിൽപ്പയും വ്യവസായിയായ രാജ് കുന്ദ്രയും തമ്മിലുള്ള വിവാഹം നടന്നത്. 2012 ലാണ് മൂത്തമകൻ വിയാന്റെ ജനനം.

Read more: ഇതൊക്കെ നിസ്സാരമല്ലേ; തലകീഴായി നിന്ന് അമ്പരപ്പിച്ച് ശിൽപ്പ ഷെട്ടി- വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook