നടി ശില്‍പ്പ ഷെട്ടിയുടെ പിറന്നാള്‍ ആണ് ഇന്ന്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ശില്‍പ്പയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ അതിനൊപ്പം തന്നെ ഇന്ന് സോഷ്യല്‍ മീഡിയയില്‍ കൗതുകമാകുന്നത് ശില്‍പ്പ ഷെട്ടിയുടെ വീടിന്റെ വിശേഷങ്ങളാണ്.
ഭർത്താവ് രാജ് കുന്ദ്രയുടെയും വീടിന്റെ ഇന്റീരിയർ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ കുടുംബത്തിനൊപ്പം വീടിനകത്ത് തന്നെ സമയം ചെലവഴിക്കുകയാണ് അടുത്തിടെ ഒരു പെണ്‍കുഞ്ഞിന്റെ അമ്മ’യായ ശിൽപ്പ. സമൂഹമാധ്യമങ്ങളിൽ സജീവമായ ശിൽപ്പ ഇടയ്ക്ക് തന്റെ വിശേഷങ്ങളും വീഡിയോകളുമെല്ലാം ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്. ചിത്രങ്ങളും വീഡിയോകളുമെല്ലാം ഏറിയ പങ്കും വീടിന്റെ പശ്ചാത്തലത്തിലുള്ളവയാണ്.
മുംബൈ ജുഹുവിൽ ആണ് ശിൽപ്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും ലക്ഷ്വറി ബംഗ്ലാവ്. കിനാര എന്നു പേരിട്ടിരിക്കുന്ന ഈ വീട് പരമ്പരാഗത വാസ്തുശില്പവിദ്യയുടെയും കന്റെംപ്രറി ആർക്കിടെക്ചറിന്റെയും ഒരു മിക്സാണ്. കടലിനെ അഭിമുഖീകരിക്കുന്ന ഈ വീട് ബോളിവുഡ് സെലബ്രിറ്റികൾക്കിടയിലെ തന്നെ ഏറ്റവും വിലകൂടിയ വീടുകളിലൊന്നാണ് ഇത്.
ശിൽപ്പയ്ക്കും രാജിനും അടുത്തിടെ ഒരു കുഞ്ഞ് കൂടി പിറന്നിരുന്നു. ‘ദൈവത്തെ പോലെ ഒരാളെ ലഭിച്ചിരിക്കുന്നു’ എന്നാണ് സമിഷ എന്ന വാക്കിന്റെ അർത്ഥമെന്ന് മുൻപൊരിക്കൽ ശിൽപ്പ വ്യക്തമാക്കിയിരുന്നു. സ എന്ന സംസ്കൃത വാക്കും മിഷ എന്ന റഷ്യൻ വാക്കും ചേർത്തുവെച്ചാണ് ശിൽപ്പയും രാജും മകൾക്കുള്ള പേരു കണ്ടെത്തിയിരിക്കുന്നത്. 2009 ലാണ് ശിൽപ്പയും പ്രമുഖ വ്യവസായിയായ രാജ് കുന്ദ്രയും തമ്മിലുള്ള വിവാഹം നടന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്, 2012 ലാണ് മൂത്തമകൻ വിയാൻ ജനിച്ചത്.
യോഗയിലൂടെയും വ്യായാമങ്ങളിലൂടെയും തന്റെ ശരീരസൗന്ദര്യവും ഫിറ്റ്‌നെസ്സും കാത്തുസൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന താരമാണ് ശിൽപ ഷെട്ടി. പ്രായം 44ൽ എത്തി നിൽക്കുമ്പോഴും ശിൽപ്പയുടെ ഫിറ്റ്‌നെസ്സ് ആരെയും അസൂയപ്പെടുത്തും.