ഫിറ്റ്‌നെസ്സിന്റെ കാര്യത്തിൽ ബോളിവുഡിൽ ശിൽപ്പ ഷെട്ടിയെ കഴിഞ്ഞേ മറ്റു നായികമാർ വരൂ. വർഷങ്ങളായി മുടങ്ങാതെ യോഗയിലൂടെയും നിത്യേനയുള്ള വ്യായാമമുറകളിലൂടെയും തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ മറ്റാരേക്കാളും മുന്നിലാണ് ശിൽപ്പ എന്നും. പ്രായം വെറും അക്കം മാത്രമാണെന്ന് ജീവിതം കൊണ്ടു ഓർമ്മിക്കുന്ന താരം കൂടിയാണ് ശിൽപ്പാ ഷെട്ടി. 44-ാം വയസ്സിലും ഫിറ്റ്നസിന് പ്രാധാന്യം നൽകി ചെറുപ്പവും ചുറുചുറുക്കും നിലനിർത്തുകയാണ് ശിൽപ്പ.
യോഗയാണ് ശിൽപ്പയുടെ പ്രിയപ്പെട്ട വ്യായാമരീതി. വർഷങ്ങളായി യോഗ ദിനചര്യയുടെ ഭാഗമായി കൊണ്ടു നടക്കുന്ന ശിൽപ്പ, യോഗയുടെ ഗുണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആളുകളിലേക്ക് എത്തിക്കാനും ശ്രമിക്കാറുണ്ട്. അതിനായി യോഗ വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിലൂടെ ശിൽപ്പ പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ, മറ്റൊരു യോഗാ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. അനായാസമെന്നു തോന്നിപ്പിക്കുന്ന രീതിയിൽ കൈകുത്തി തലകീഴായി നിന്ന് അമ്പരപ്പിക്കുകയാണ് ശിൽപ്പ.
ആരെയും അസൂയപ്പെടുത്തുന്ന ശിൽപ്പയുടെ ഫിറ്റ്‌നെസ്സിനെ ഭർത്താവും ബിസിനസ്സുകാരനുമായ രാജ് കുന്ദ്രയും പ്രശംസിച്ചിരുന്നു. കഴിഞ്ഞ പിറന്നാൾ ദിനത്തിൽ ശിൽപ്പയുടെ ഫിറ്റ്‌നെസ്സിനെയും ചിട്ടയോടെയും ആരോഗ്യകരമായ ജീവിതചര്യയേയും അഭിനന്ദിച്ചുകൊണ്ടുള്ള രാജ് കുന്ദ്രയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു.
“കടന്നുവന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഏറ്റവും പ്രിയപ്പെട്ട ഈ മാലാഖയെ എന്റെ ജീവിതത്തിലേക്കു തന്ന ദൈവത്തിനോട് ഞാൻ നന്ദി പറയുകയാണ്. നീയെന്റെ ജീവിതത്തിലെ അനുഗ്രഹമാണ്. എന്റെ സ്നേഹം എത്രത്തോളമാണെന്ന് പറയാൻ എനിക്കറിയില്ല. ജന്മദിനാശംസകൾ പ്രിയപ്പെട്ടവളേ. എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലമാകട്ടെ. ആരോഗ്യകരവും സന്തോഷവുമുള്ള ജീവിതചര്യകളിലൂടെ പ്രായം എന്നത് വെറും നമ്പർ മാത്രമാണെന്ന് നീ തെളിയിച്ചു. ഞങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നതിന് നന്ദി,” രാജ് കുന്ദ്ര ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
Read more: പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ചവൾ; ശിൽപ ഷെട്ടിയുടെ ഫിറ്റ്നസ്സിനെ അഭിനന്ദിച്ച് ഭർത്താവ്