സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതി ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഡിസംബർ ഒന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രം പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്നു. പത്മാവതി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ചാണ് രജ്പുത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. റാണി പത്മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയിലെ രംഗങ്ങളെന്നും ഇവർ ആരോപിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതായി സംവിധായകൻ അറിയിച്ചു.
ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ നടി ദീപിക പദുക്കോണിനുനേരെ കർണിസേന അംഗങ്ങൾ വധഭീഷണിപോലും മുഴക്കി. പ്രതിഷേധം ശക്തമായതോടെ പത്മാവതി സിനിമയെയും ദീപിക പദുക്കോണിനെയും പിന്തുണച്ച് ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയിരുന്നു. ദീപികയ്ക്ക് പിന്തുണ അറിയിച്ച് ഒപ്പുശേഖരണം നടത്തി സർക്കാരിന് നിവേദനം നൽകാനും ബോളിവുഡ് തീരുമാനിച്ചു. എന്നാൽ പത്മാവതി വിവാദത്തെക്കുറിച്ച് നടി ശിൽപ ഷെട്ടിയോട് ചോദിച്ച മാധ്യമപ്രവർത്തകരെ നടി അപമാനിക്കുംവിധമാണ് പെരുമാറിയത്.
പത്മാവതി വിവാദങ്ങളിൽ ശിൽപ ഷെട്ടിയുടെ നിലപാടിനെയാണ് മാധ്യമപ്രവർത്തകർ ആരാഞ്ഞത്. ഇതിനു കൈയ്യിലിരിക്കുന്ന മൈക്ക് കൊണ്ട് ചോദിച്ച മാധ്യമപ്രർത്തകനെ അടിക്കുമെന്നായിരുന്നു നടി പറഞ്ഞത്. മാത്രമല്ല ഞാൻ ദീപിക പദുക്കോണോ, അതോ എന്നെക്കണ്ടാൽ സഞ്ജയ് ലീല ബൻസാലിയെ പോലെ തോന്നുമോയെന്നും താരം തിരിച്ചുചോദിച്ചു.
സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പത്മാവതിയിൽ നായകനെക്കാൾ നായികയ്ക്കാണ് പ്രധാന്യം. രജപുത്ര റാണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ദീപികയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രൺവീർ സിങ്ങും ഷാഹിദ് കപൂറും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. അലാവുദ്ദീൻ ഖിൽജിയുടെ വേഷമാണ് രൺവീറിന്. റാണി പത്മാവതിയുടെ ഭർത്താവ് രത്തൻ സിങ്ങിന്റെ വേഷമാണ് ഷാഹിദ് കപൂർ ചെയ്തത്.