/indian-express-malayalam/media/media_files/uploads/2023/10/Raj-Kundra-Shilpa-Shetty.jpg)
ചുറ്റിലും വിചിത്രമായ മനുഷ്യരായിരുന്നു. എനിക്കാരോടും സംസാരിക്കാൻ അനുവാദമില്ലായിരുന്നു, പോലീസുകാരുടെ നോട്ടം എപ്പോഴും എന്റെമേലുണ്ടായിരുന്നു: രാജ് കുന്ദ്ര പറയുന്നു
മുംബൈ ആർത്തർ റോഡ് ജയിലിലെ 69 ദിവസത്തെ ഭയാനക ജീവിതത്തിന്റ കഥ പറയുന്ന ചിത്രമാണ് യുടി 69 (UT 69). ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവായ രാജ് കുന്ദ്രയുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. ഏറെ നാളുകളായി മുഖം മറയ്ക്കുന്ന രീതിയിൽ മാസ്ക് ധരിച്ചു മാത്രം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന രാജ് കുന്ദ്ര ട്രെയിലർ ലോഞ്ചിനിടെ ഒടുവിൽ മാസ്ക് അഴിച്ചുമാറ്റി മാധ്യമങ്ങളോട് സംസാരിച്ചു.
പോണോഗ്രാഫിക് ചിത്രങ്ങൾ നിർമ്മിക്കുകയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിൽ മുംബൈ പോലീസ് 2021 ജൂലൈയിൽ രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുകയും രണ്ട് മാസത്തിലധികം ജയിലിലടക്കുകയും ചെയ്തിരുന്നു. ജയിൽ മോചിതനായ ശേഷവും മാധ്യമങ്ങൾക്കു മുന്നിലും പൊതുവിടങ്ങളിലുമെല്ലാം മുഖം മറച്ചുകൊണ്ടാണ് രാജ് കുന്ദ്ര പ്രത്യക്ഷപ്പെട്ടിരുന്നത്.
ഇപ്പോഴിതാ, ആർത്തർ റോഡ് ജയിലിലെ 69 ഭയാനക ദിനങ്ങളെപ്പറ്റി തുറന്ന് പറയുകയാണ് രാജ് കുന്ദ്ര. "ജയിലിലായതു മുതൽ പുറത്തിറങ്ങുന്നതു വരെയുള്ള 63 ദിവസത്തെ ജയിൽ വാസമാണ് സിനിമയുടെ ഇതിവൃത്തം. ആരോപണങ്ങളിൽ ഞാനും ശിൽപയും ഒരംശം പോലും വിശ്വസിച്ചിരുന്നില്ല , ഞാൻ തെറ്റു ചെയ്തിട്ടുണ്ടായിരുന്നെങ്കിൽ എനിക്ക് നാണക്കേടുകോണ്ട് തലയുയർത്താൻ സാധിക്കില്ലായിരുന്നു. ഞാൻ പുറത്തുവന്നത് സിംഹത്തെപ്പോലെ തല ഉയർത്തിയാണ്, കാരണം ഞാൻ കുറ്റം ചെയ്തിട്ടില്ല. ജുഡീഷ്വറിയിൽ പൂർണ്ണമായും വിശ്വസിക്കുന്നു" രാജ് കുന്ദ്ര പത്ര സമ്മേളനത്തിനിടെ പറഞ്ഞു.
യുടി 69 തന്റെ ജീവിതത്തിലെ യഥാർത്ഥ സംഭവങ്ങളെ കോർത്തിണക്കിയ ഒരു ആക്ഷേപ ഹാസ്യ ചിത്രമാണെന്നും രാജ് കുന്ദ്ര പറഞ്ഞു.
"ജയിലിലെ എന്റെ അനുഭവങ്ങൾ സിനിമയിലെത്തുമ്പോൾ അതിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നുണ്ട്. സെൻസർഷിപ്പിനായി സിബിഎഫ്സിയിൽ (Central Board of Film Certification) അയച്ചപ്പോൾ 'ബേസ്ഡ് ഓൺ എ ട്രൂ സ്റ്റോറി' ആയതിനാൽ തെളിവുകൾ ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾ അത് നൽകിയതിനെ തുടർന്ന് മനുഷ്യാവകാശ സംഘടനകൾ ജയിലിൽ പരിശോധന നടത്തിയിരുന്നു. ഇതിനായി ജയിലിനകത്തുനിന്നും സഹായം ലഭിച്ചിട്ടുണ്ട്," രാജ് കുന്ദ്ര പറഞ്ഞു.
"ഞാൻ ജയിലിൽ കിടന്ന സമയത്ത് സംസാരത്തിൽ മാന്യരായി തോന്നിയ ചിലരുമായ് സൗഹൃദം ഉണ്ടായിരുന്നു. അതുപോലെതന്നെ മോശം ആളുകളും കൂട്ടത്തിലുണ്ടായിരുന്നു. എന്റെ വലതു വശത്ത് ഉറങ്ങുന്നയാള്‍ 88 കൊലപാതക കേസുകളിൽ കുറ്റാരോപിതനായിരുന്നു. ഇടതു വശത്ത് ഉറങ്ങുന്നയാള്‍ കുട്ടികളെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ വ്യക്തിയും. ചുറ്റിലും വിചിത്രമായ മനുഷ്യരായിരുന്നു. എനിക്കാരോടും സംസാരിക്കാൻ അനുവാദമില്ലായിരുന്നു, പോലീസുകാരുടെ നോട്ടം എപ്പോഴും എന്റെമേലുണ്ടായിരുന്നു. ആ സമയം ഞാൻ കരുതിയിരുന്നത് ഒരാഴ്ചക്കുളളിൽ പുറത്തിറങ്ങാനാവുമെന്നാണ്. 63 ദിവസം ജയിലിൽ കഴിയേണ്ടിവരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ജയിലിനകത്ത് ചിലരുമായി സൗഹൃദം ഉണ്ടായിരുന്നു, 60 ദിവസത്തോളം ഒരുമിച്ച് കഴിയുന്നവരുമായി സൗഹാർദ്ദം വളരുന്നത് സ്വഭാവികമാണ്. സിനിമ കാണുമ്പോൾ നിങ്ങൾക്കത് കാണാൻ സാധിക്കും." രാജ് കുന്ദ്ര പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.