/indian-express-malayalam/media/media_files/uploads/2023/02/mohanlal-2.jpg)
കോഴിക്കോട് മാങ്കാവ് ജംഗ്ഷനിൽ ലോട്ടറി കച്ചവടം നടത്തി ജീവിക്കുന്ന ഷിജിലി കെ ശശിധരന്റെ വലിയൊരു ആഗ്രഹമായിരുന്നു ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രിയപ്പെട്ട ലാലേട്ടനെ നേരിൽ കാണുക എന്നത്. ഒടുവിൽ ഷിജിലിയുടെ ആ സ്വപ്നം സാക്ഷാത്കരിക്കാൻ സാക്ഷാൽ മോഹൻലാൽ എത്തി. മോഹൻലാൽ ഫാൻസ് അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റിയാണ് കൂടിക്കാഴ്ച്ചക്ക് അവസരമൊരുക്കിയത്. പ്രിയ താരത്തിനൊപ്പം ഫോട്ടോയെടുക്കാനും ഷിജിലി മറന്നില്ല.
"സ്വപ്നം പോലെ ഒരു ദിവസമായിരുന്നു ഇന്നലെ. ഏത് വാക്കുകളിൽ വർണിക്കണമെന്നറിയാത്തത്രയും ഭംഗിയുണ്ടതിന്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എന്റെ ലാലേട്ടനൊപ്പം ഞാൻ ചിലവഴിച്ചു. എന്റെ ഏറ്റവും വലിയ ആഗ്രഹം, എത്രയോ കാലത്തെ പരിശ്രമം എല്ലാത്തിനും ഇന്നലെ ഫലമുണ്ടായി. കണ്ണുനിറയെ കണ്ടു ഞാൻ എന്റെ ലാലേട്ടനെ; ചേർത്ത് പിടിച്ചു എന്നെ ഏട്ടന്റെ കൈകൾ. കുറേ വിശേഷങ്ങൾ ചോദിച്ചു, മനസ് നിറയെ സ്നേഹം തന്നു. ഇനിയുള്ള കാലമത്രയും ഓർക്കാൻ എനിക്ക് ഈ നിമിഷങ്ങൾ മതി; എന്റെ ഏട്ടനെ ചേർന്ന് നിന്ന ഈ നിമിഷങ്ങൾ മാത്രം," ഷിജിലി കുറിച്ചു.
കോഴിക്കോട് തിരുവണ്ണൂർ സ്വദേശിനിയായ ഷിജിലിയ്ക്ക് ജന്മനാ അസ്ഥികൾ പൊടിയുന്ന അസുഖമാണ്. ശാരീരിക പരിമിതികൾക്കിടയിലും ലോട്ടറി വ്യാപാരം നടത്തിയാണ് ഷിജിലിയുടെ അതിജീവനം.
മുൻപ് ടെലിവിഷൻ താരമായ ബിനീഷ് ബാസ്റ്റിൻ നേരിൽ കണ്ടപ്പോഴും മോഹൻലാലിനെ നേരിൽ കാണാനുള്ള ആഗ്രഹം ഷിജിലി പ്രകടിപ്പിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.