കൊച്ചി: നടിയും ചലച്ചിത്ര പ്രവർത്തകയുമായ അർച്ചന പദ്മിനിയുടെ ആരോപണത്തിൽ പ്രൊഡക്ഷൻ അസ്സിസ്റ്റന്റ് ഷെറിൻ സ്റ്റാൻലിയെ ഫെഫ്ക സസ്‍പെൻഡ് ചെയ്തു. അനിശ്ചിതകാലത്തേക്കാണ് ഷെറിനെ സംഘടനയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. ഷെറിനെ ജോലിയിൽ തിരിച്ചെടുത്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷക്കെതിരെയും നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് യൂണിയൻ ഭാരവാഹികളെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷമാണ് ഫെഫ്കയുടെ നടപടി. കഴിഞ്ഞ വർഷം ഏപ്രിൽ 16നാണ് ലൈംഗിക അതിക്രമാരോപണവുമായി ഫെഫ്കയെ സമീപിച്ചത്. എന്നാൽ ഈ പരാതിയിൽ നടപടി ഉണ്ടായില്ലെന്ന് കഴിഞ്ഞ ദിവസം എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ അർച്ചനാ പദ്മിനി വെളിപ്പെടുത്തിയിരുന്നു.

ഡബ്ല്യു സി സി നടത്തിയ പത്രസമ്മേളനത്തിലാണ് അർച്ചനാ പദ്മിനി താൻ നേരിട്ട വിഷയത്തെയും അതിൽ ഫെഫ്ക എന്ന സിനിമാ സംഘടന സ്വീകരിച്ച നിഷേധാത്മക നിലപാടിനെയും വിമർശിച്ചത്. അർച്ചനയോട് മോശമായി പെരുമാറിയ ഷെറിൻ സ്റ്റാൻലി ഇപ്പോഴും സിനിമ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നായിരുന്നു അർച്ചനയുടെ ആരോപണം.

അർച്ചന പദ്മിനിയുടെ ആരോപണത്തെ തുടർന്ന് ഫെഫ്കയുടെ പ്രസിഡന്റായ ബി ഉണ്ണികൃഷ്ണൻ അർച്ചന പദ്മിനിക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ നിയമനടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനത്തിൽ നിന്നും ഉണ്ണികൃഷ്ണൻ പിന്മാറി.

നേരത്തെ ആറ് മസത്തേക്കും അതിന് ശേഷം അനിശ്ചിതകാലത്തേക്കും ഫെഫ്ക ഷെറിൻ സ്റ്റാൻലിയെ സസ്‍പെൻഡ് ചെയ്തിരുന്നു. എന്നാൽ സംഘടനയുടെ അറിവോടെയല്ലാതെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ഷെറിനെ തിരിച്ച് ജോലിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ