65-ാമത് ദേശീയ പുരസ്കാര ജൂറി അധ്യക്ഷനായി സംവിധായകന്‍ ശേഖര്‍ കപൂറിനെ നിയമിച്ചുവെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയ പ്രതിനിധികള്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോർട്ട് ചെയ്തു.

പത്തു അംഗങ്ങള്‍ അടങ്ങുന്ന സെന്‍ട്രല്‍ പാനല്‍ ആണ് ശേഖര്‍ കപൂറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന് ചിത്രങ്ങള്‍ വിലയിരുത്തുക. അഞ്ചു റീജിയണല്‍ പാനലുകള്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടത്തിയ ശേഷമാണ് സെന്‍ട്രല്‍ പാനല്‍ അവസാന റൗണ്ടിലേക്ക് കടക്കുക. ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്കായുള്ള ഒരു റീജിയണല്‍ പാനലിന്‍റെ അധ്യക്ഷനായി അസ്തിത്വ (2000), പരിന്ദ (1989) എന്നീ ചിത്രങ്ങളുടെ രചയിതാവ് ഇംതിയാസ് ഹുസൈന്‍, അടുത്തത്തിന്‍റെ അധ്യക്ഷനായി മെഹ്ബൂബ് എന്നിവര്‍ നിയമിതരായി. മണിരത്നത്തിന്‍റെ ബോംബെ (1995) ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോള്‍ ഗാനങ്ങള്‍ മൊഴിമാറ്റം ചെയ്തയാളാണ് മെഹബൂബ്.

ഉത്തരേന്ത്യന്‍ സിനിമകള്‍ക്കായുള്ള റീജിയണല്‍ പാനലിന്‍റെ അധ്യക്ഷ നടി ഗൗതമി തടിമല്ലയാണ്. വെസ്റ്റേണ്‍ ഇന്ത്യ പാനല്‍ അധ്യക്ഷന്‍ രാഹുല്‍ രവേല്‍ ആണ്. ഹിന്ദി ചിത്രങ്ങളായ ലവ് സ്റ്റോറി (1981), ബേതാബ് (1983), അര്‍ജ്ജുന്‍ (1985), ജോ ബോലേ സൊ നിഹാല്‍ (2005) എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് രാഹുല്‍ രവേല്‍. ഈസ്റ്റ്‌ പാനല്‍ അധ്യക്ഷന്‍ കന്നട സംവിധായകന്‍ പി.ശേഷാദ്രിയാണ്.

ബംഗാളി സംവിധായകന്‍ അനിരുദ്ധ റോയ് ചൗധരി, എഴുത്തുകാരന്‍ ത്രിപുരാരി ശര്‍മ, തിരക്കഥാകൃത്ത്‌ റുമി ജാഫ്രി, ‘പ്രത്യവര്‍ത്തന്‍’ സിനിമയിലൂടെ പ്രശസ്തനായ രഞ്ജിത് ദാസ്‌, എഴുത്തുകാരനും, നിര്‍മ്മാതാവും സംവിധായകനുമായ രാജേഷ്‌ മപുസ്കാര്‍ എന്നിവരാണ് അംഗങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ