ന്യൂഡല്‍ഹി: എലിസബത്ത് രാജ്ഞിയുടെ ജീവിതത്തെ ആസ്പദമാക്കി ‘’എലിസബത്ത്’’(1998), ’എലിസബത്ത്’’: ദി ഗോൾഡൻ ഏജ്’’(2007) എന്നീ ചിത്രങ്ങൾ ഒരുക്കിയ ശേഖര്‍ കപൂര്‍ പുതിയ ചിത്രവുമായി എത്തുന്നു. ആയോധന കലകളിലെ വീര നായകന്‍ ബ്രൂസ് ലീയൂടെ ആദ്യകാല ജീവിതമാണ് ശേഖര്‍ കപൂര്‍ വെള്ളിത്തിരയില്‍ എത്തിക്കുന്നത്.

ചൈനീസ് സിനിമാ നിര്‍മ്മാതാക്കളാണ് ‘ലിറ്റില്‍ ഡ്രാഗണ്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ് വഹിക്കുക. ബ്രൂസ് ലീയുടെ കൗമാരകാലം അവതരിപ്പിക്കാന്‍ അനുയോജ്യനായ നടനെ തേടി ഹോളിവുഡിലെ പ്രശസ്ത കാസ്റ്റിംഗ് ഡയറക്ടറായ മേരി വെര്‍ണ്യു ഇറങ്ങിത്തിരിച്ചതായാണ് ഹോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
ലീയുടെ മകളായ ഷാനന്‍ ലീ ആയിരിക്കും ചിത്രത്തിന്റെ സഹതിരക്കഥാകൃത്തും നിര്‍മ്മാതാവും. ബ്രൂസ് ലീയുടെ പൈതൃകവും ചിന്തകളും പ്രചരിപ്പിക്കാനായി തുടങ്ങിയ ബ്രൂസ് ലീ എന്റര്‍ടെയിന്‍മെന്റ് നടത്തുകയാണ് ഇപ്പോള്‍ ഷാനന്‍.

യൗവനകാലത്ത് ലീ അനുഭവിച്ച നിരാശ, പ്രണയം, സൗഹൃദം, വഞ്ചന, വംശീയത തുടങ്ങി നിരവധി തലങ്ങളിലൂടെയായിരിക്കും ചിത്രം സഞ്ചരിക്കുകയെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നു.
ചമ്പൽ കൊള്ളക്കാരിയായിരുന്ന ഫൂലൻ ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി 1994-ൽ നിർമ്മിച്ച ‘ബാൻഡിറ്റ് ക്വീൻ’ എന്ന ചിത്രത്തിലൂടെയാണ് ശേഖര്‍ കപൂര്‍ അന്താരാഷ്ടപ്രശസ്തി നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ