Shefeekkinte Santhosham OTT: നവാഗതനായ അനൂപ് പന്തളത്തിന്റെ ആദ്യചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. വലിയ സംഘട്ടനമോ സംഘർഷമോ ഒന്നുമില്ലാതെ, ഒരു നാട്ടിൻപ്പുറത്ത് നടക്കുന്ന പ്രശ്നങ്ങളിലൂടെയും രസകരമായ ചില കാഴ്ചകളിലൂടെയുമാണ് കഥ മുന്നോട്ടു പോകുന്നത്. ഡിസംബർ മാസം റിലീസിനെത്തിയ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. മനോരമ മാക്സിൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിച്ചു.
പാറത്തോട് എന്ന ഗ്രാമമാണ് ‘ഷെഫീക്കിന്റെ സന്തോഷ’ത്തിന്റെ കഥാപശ്ചാത്തലം. പ്രവാസിയായ ഷെഫീക്ക് വിവാഹത്തിനായി നാട്ടിലേക്ക് എത്തുകയാണ്. മറ്റുള്ളവരുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് അവരെ സഹായിക്കുന്നതാണ് ഷെഫീക്കിന്റെ പ്രധാന സന്തോഷം. നാട്ടിലേക്കുള്ള യാത്രയിൽ പ്രിയപ്പെട്ടവർക്കായി നൽകാൻ ചില സമ്മാനങ്ങളും ഷെഫീക്ക് കരുതുന്നുണ്ട്. എന്നാൽ, സന്തോഷത്തിനു വേണ്ടി ചെയ്ത ചില കാര്യങ്ങൾ ഷെഫീക്കിനെയിട്ട് വട്ടം ചുറ്റിക്കുകയാണ്. പുലിവാലു പിടിച്ചതുപോലെ പ്രശ്നങ്ങളിൽ പെട്ട് ഉഴലുന്ന ഷെഫീക്കിന്റെ ജീവിതനെട്ടോട്ടത്തിന്റെ കഥയാണ് സംവിധായകൻ അനൂപ് പന്തളം പറയുന്നത്.
അനൂപ് പന്തളം തന്നെ തിരകഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ബാല, ദിവ്യ പിള്ള, ആത്മീയ രാജൻ എന്നിവർ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ഉണ്ണി മുകുന്ദൻ നിർമിച്ച ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് ഷാൻ റഹ്മാനാണ്.