മലയാള സിനിമയുടെ ‘പവര്‍ കപ്പിള്‍’ ആണ് പൃഥ്വിരാജും സുപ്രിയയും. അഭിനയം, നിര്‍മാണം, സംവിധാനം തുടങ്ങി കൈവച്ച മേഖലകളില്‍ എല്ലാം പ്രതിഭ തെളിയിച്ചവര്‍. പുതിയ സിനിമാ സംരംഭങ്ങളില്‍ അവര്‍ മുന്നേറുന്നത് ആഘോഷിക്കുന്നത് പോലെ തന്നെ ഇവരുടെ സ്വകാര്യജീവിതത്തിലെ സന്തോഷങ്ങളും ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ്.
ഇന്നിപ്പോൾ പൃഥ്വി തന്നെക്കുറിച്ച് പഴയൊരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് സുപ്രിയ. ചിലപ്പോൾ ആളുകൾ നിങ്ങൾക്ക് ഏറ്റവും ഭംഗിയുള്ള വീഡിയോ ക്ലിപ്പുകൾ അയച്ചുതരുമെന്ന് കുറിച്ച സുപ്രിയ ആ ക്ലിപ്പ് നൽകിയ വ്യക്തിക്ക് നന്ദിയും പറയുന്നുണ്ട്.
“ഞാൻ അധികം സുഹൃത്തുക്കളുള്ള ആളല്ല. സുപ്രിയയാണ് ഏന്റെ ഏറ്റവും അടുത്ത സുഹൃത്ത്. എന്റെ ഏറ്റവും സ്വകാര്യ ജീവിതത്തിലേക്ക് പ്രവേശനമുള്ള ഏക വ്യക്തി അവളാണ്. എന്റെ എല്ലാ വൾനറബിലിറ്റീസും അറിയാവുന്ന എന്റെ എല്ലാ ദുർബലമായ അവസ്ഥകളിലും എന്നെ കണ്ടിട്ടുള്ള ഒരേയൊരാൾ അവളാണ്. എന്റെ വീട്ടുകാർ പോലും കണ്ടിട്ടില്ല ആ അവസ്ഥയിൽ എന്നെ,” എന്നും പൃഥ്വിരാജ് വീഡിയോയിൽ പറയുന്നു.
സുപ്രിയ പങ്കുവച്ച വീഡിയോയ്ക്ക് താഴെ പൃഥ്വി തന്റെ സ്നേഹം അറിയിച്ചിട്ടുണ്ട്. നിലവിൽ അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിലാണ് പൃഥ്വിരാജ്.
Read More: എനിക്കും അല്ലിക്കും ഡാൻസ് കളിക്കാൻ ഇഷ്ടമാണ്; പൃഥ്വി അത്ര പോര: സുപ്രിയ
കുറച്ചുകാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍ 25നാണ് ഇവര്‍ വിവാഹിതരായത്. അലംകൃത എന്ന് പേരുളള മകളുമുണ്ട് ഇവര്‍ക്ക്.
തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വിരാജിനെയും മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോനേയും ഒന്നിപ്പിച്ചത് പുസ്തകങ്ങളായിരുന്നു. ഇതേക്കുറിച്ച് ഒരിക്കല്‍ പൃഥ്വിരാജ് പറഞ്ഞതിങ്ങനെ.
“തെന്നിന്ത്യന്‍ സിനിമയെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്. അപ്പോള്‍ ഞാന്‍ ഷാരൂഖ് ഖാന് അഭിനയിച്ച ‘ഡോണ്‍’ എന്ന ചിത്രം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം ഞാന്‍ തിരിച്ചുവിളിച്ചപ്പോള്‍ സുപ്രിയയും അതേ ചിത്രം കണ്ടുകൊണ്ടിരിക്കുകയാണ് ‘തിരിച്ചു വിളിക്കാം’ എന്ന് പറഞ്ഞു. ആ സിനിമയെക്കുറിച്ച് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി പുസ്തകങ്ങളിലും ഞങ്ങളുടെ ടേസ്റ്റ് ഒരു പോലെയാണ് എന്ന്. രണ്ടുപേര്‍ക്കും ഇഷ്ടമുള്ള പുസ്തകം അയന് റാന്‍ഡിന്റെ ‘The Fountainhead’ ആയിരുന്നു.”, പൃഥ്വിരാജ് ഓര്‍മ്മിച്ചു.
Read More: പൃഥ്വിയ്ക്ക് ഒപ്പം ബൈക്കിൽ കറങ്ങി സുപ്രിയ; രണ്ടാളും ആടി സെയിലിനു പോവാണോ എന്ന് ആരാധകർ
പുസ്തകങ്ങളെയും സിനിമയെയും പറ്റിയുള്ള ഇരുവരുടേയും ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവച്ച് തുടങ്ങിയ സൗഹൃദത്തെ പ്രണയത്തിലേക്ക് എത്തിക്കുന്നതും മറ്റൊരു പുസ്തകമാണ്. ആ സമയത്ത് വായിച്ചു കൊണ്ടിരുന്ന ‘ശാന്താറാം’ എന്ന ഗ്രിഗറി ഡേവിഡ് റോബര്‍ട്ട്സ് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ബോംബെയുടെ വർണനയില്‍ മയങ്ങിയ പൃഥ്വിരാജ് ആ സ്ഥലങ്ങള്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും അവിടേയ്ക്ക് പൃഥ്വിരാജിനെ കൊണ്ടുപോകാം എന്ന് മുംബൈയില്‍ താമസിച്ചിരുന്ന സുപ്രിയ ഏല്ക്കുകയും ചെയ്തു. ഒരുമിച്ചു നടന്ന് അവര്‍ മുംബൈയിലെ ‘ഹാജി അലി’, ലിയോപോള്‍ഡ്’ കഫെ’ എന്നിവ കണ്ടു. അതിനിടയില്‍ എപ്പോഴോ ആണ് പ്രണയത്തിന്റെ തുടക്കം എന്നാണ് പൃഥ്വിരാജ് പിന്നീട് വെളിപ്പെടുത്തിയത്.