കാറപടകത്തില്‍ ഗുരുതരമായി പരുക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേയും ഭാര്യ ലക്ഷ്മിയുടേയും ചികിത്സയ്ക്കായി എയിംസില്‍ നിന്ന് ന്യൂറോ സര്‍ജനെ കേരളത്തിലേക്ക് എത്തിക്കാന്‍ താന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഇതിനായി എയിംസ് ഡയറക്ടറോടും ആരോഗ്യ മന്ത്രി ജെ.പി നദ്ദയോടും സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഔദ്യോഗികമായി ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉറപ്പ് ലഭിച്ചിട്ടില്ലെന്നും താന്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണെന്നും ശശി തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരും ഇതിനായി ശ്രമിച്ചിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

ബാലഭാസ്‌കറിന്റെ ആരോഗ്യനില ഇപ്പോളും മാറ്റമില്ലാതെ തുടരുകയാണ്. ഇപ്പോളും അദ്ദേഹം വെന്റിലേറ്ററിലാണ്. അതേസമയം ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്.

അതിനിടെ, അപകടത്തില്‍ മരിച്ച രണ്ടു വയസ്സുളള മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം തിട്ടമംഗലത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാലഭാസ്‌കറും ഭാര്യയും അബോധാവസ്ഥയിലായിരുന്നതിനാല്‍ ഇരുവരെയും കാണിക്കാതെയായിരുന്നു സംസ്‌കാരം.

തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ