/indian-express-malayalam/media/media_files/uploads/2018/03/shashi-1.jpg)
1975ലാണ് 'ദീവാര്‍' റിലീസ് ചെയ്യുനത്. ഹിന്ദി സിനിമയെ മാറ്റി മറിച്ച ചിത്രം. ഒരു യുഗചേതനയെ സമര്‍ത്ഥമായും സൂക്ഷ്മമായും രേഖപ്പെടുത്തപ്പെട്ട സലിം-ജാവേദ് കൂട്ടുകെട്ടിന്‍റെ എഴുത്തില്‍, ഒരു പുതിയ നായക സങ്കല്പം തന്നെ പിറന്നു 'ദീവാറി'ലൂടെ. രാജ്യമപ്പോള്‍ കടന്നു പോയിരുന്ന അമര്‍ഷാവേശങ്ങളുടേയും അതൃപ്‌തികളുടേയും മൂര്‍ത്തീഭാവമായ നായകന്‍. 1975 ജനുവരിയിലാണ് 'ദീവാര്‍' പുറത്തു വരുന്നത്.
ആവേശങ്ങള്‍ക്കും ആകുലതകള്‍ക്കുമെല്ലാം താഴിട്ടു കൊണ്ട് 1975 ജൂണ്‍ മാസം ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പിന്നീടുള്ള ആറു മാസക്കാലം, തിരിച്ചെടുക്കാനാവാത്തവണ്ണമുള്ള മാറ്റങ്ങളിലൂടെ ഹിന്ദി സിനിമയും കടന്നു പോയി. അതില്‍ പ്രധാനം, 'മനം കവരുന്ന സുന്ദരന്മാ'രായ നായകന്‍മാര്‍ ആ പ്രതിച്ഛായ വിട്ടു 'ക്ഷുഭിത യൗവന'ങ്ങളായി മാറി എന്നതാണ്.
ഒരു നൂറ്റാണ്ടിന്‍റെ സ്ഥായീഭാവമായി അവരും ക്ഷോഭവും സ്തോഭവും. അതിന്‍റെ മുന്‍ നിരയിലായിരുന്ന അമിതാഭ് ബച്ചന്‍, 80കളുടെ മദ്ധ്യം വരെ, 'ദീവാര്‍' സഹതാരം ശശി കപൂര്‍ ഉള്‍പ്പടെയുള്ള തന്‍റെ എതിരാളികളെയെല്ലാം തൂത്തെറിഞ്ഞു കൊണ്ട് 'Angry Young Man' നായി അവിടെ തന്നെ നിലകൊണ്ടു.
അന്നും ഇന്നും എന്ന രണ്ടു കാലങ്ങള്‍ക്കിടയിലുള്ള ഒരു കാലത്തെയാണ് 'ദീവാര്‍' മറ്റൊരര്‍ത്ഥത്തില്‍ അവിടെ രേഖപ്പെടുത്തിയത്. ആടിയും പാടിയും 60കളിലെ ഹിന്ദി സിനിമയ്ക്ക് കൈയ്യടി നേടിക്കൊടുത്ത, അതിസുന്ദരനായ ശശി കപൂര്‍ രണ്ടാം നിരക്കാരനായി.
എക്കാലവും നമ്മള്‍ ഓര്‍ത്തുവയ്ക്കുന്ന സംഭാഷങ്ങളുള്ള, മികച്ച തിരക്കഥയായിരുന്നു 'ദീവാറി'ന്‍റെത്. സിനിമയെ അനശ്വരമാക്കിയ 'മേരെ പാസ് മാം ഹൈ' എന്ന ഡയലോഗ് പറഞ്ഞു കൊണ്ട് ശശി കപൂറും അനശ്വരനായി എന്ന് വേണമെങ്കില്‍ പറയാം. സൗമ്യതയോടെ അയാള്‍ പറഞ്ഞ ആ ഒറ്റ വരി ഡയലോഗ്, സിനിമാ ചരിത്രം സ്വര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തി പിന്നീട്. ശശി കപൂര്‍ പക്ഷേ ചരിത്രമായിക്കഴിഞ്ഞിരുന്നു അപ്പോഴേക്ക്. ബച്ചനായിരുന്നു ഭാവി.
അങ്ങനെയാവുന്നതായിരുന്നു ഒരു പക്ഷെ നല്ലതും. കാരണം, ഒരു കാലത്ത് ഹിന്ദി സിനിമയിലുണ്ടായിരുന്ന, സൗമനസ്യവും കരുണയും മുഖമുദ്രയായ ഒരു നായക ജനുസ്സില്‍ പെട്ടയാളായിരുന്നു ശശി കപൂര്‍. 50കളുടെ 'രാഷ്ട്രനിര്‍മ്മാണ' സിനിമകളില്‍ നിന്നും ഹിന്ദി സിനിമ മാറിയ കാലത്തായിരുന്നു അങ്ങനെയൊരു നായകന്‍ ഉണ്ടായി വന്നത്. ആത്യന്തികമായി ഒരു വിനോദോപാധിയാണ് സിനിമ എന്ന തിരിച്ചറിവില്‍ മെനെഞ്ഞ നായക സങ്കല്‍പ്പം. പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിലും സുന്ദരമായ ലൊക്കേഷനുകളില്‍ നായികയെ പ്രണയിച്ചാല്‍ മാത്രം മതി എന്ന അവസ്ഥക്കും സ്വീകാര്യത വന്നു തുടങ്ങിയ സമയം.
ഇംഗ്ലീഷും ഹിന്ദിയും ഒരു പോലെ പറയുന്ന, ഗ്രാമങ്ങളും നഗരങ്ങളും ഒരു പോലെ പരിചയമുള്ള, ഒരു 'മോഡേണ്‍' ഇന്ത്യന്‍ പുരുഷന്‍. അതായിരുന്നു ശശി കപൂര്‍.
60കളിലെ ടെക്നി കളര്‍ സിനിമ പരിചയമുള്ളവര്‍ക്കറിയാം, കുന്നില്‍ ചെരുവുകളിലൂടെ നായികയ്ക്കൊപ്പം പാട്ടും പാടി നടക്കാന്‍ ശശി കപൂറിനോളം പോന്ന മറ്റാരുമില്ല എന്ന്. കണ്ണ് ചെറുതായി ചുളിച്ച്, മുന്നിലെ ആളെ സൂക്ഷമായി നോക്കി, പുറത്തൊന്നു തട്ടുന്ന ആ ടെക്നിക് പിന്നീട് വന്ന രാജേഷ് ഖന്ന പ്രയോഗിക്കുന്നതിനു മുന്‍പ് തന്നെ പ്രയോഗിച്ചയാളാണ് ശശി കപൂര്‍. മെലിഞ്ഞുണങ്ങിയ, പൊക്കമുള്ള, സുന്ദരനായ അടുത്ത വീട്ടിലെ പയ്യന്‍. പെണ്‍കുട്ടിയ്ക്ക് വീട്ടില്‍ കൊണ്ട് പോയി അമ്മയെ പരിചയപ്പെടുത്താനും മാത്രം യോഗ്യമായ പെരുമാറ്റമുള്ളവന്‍. 60കളില്‍ 'ചാഹെ കോയി മുജ്ഹെ ജന്ഗ്ലി കഹീ' എന്നലറിയ താരം (ചേട്ടന്‍) ഷമ്മി കപൂറിനെ വച്ച് നോക്കുമ്പോള്‍, തീര്‍ത്തും സൗമ്യന്‍.
ഒരേ വീട്ടില്‍ നിന്ന് വരുന്നവരാണെങ്കിലും ഒരേ ഡി എന്‍ എ ആണെങ്കിലും, അഭിനയത്തില്‍ പാടേ വ്യത്യസ്തരായിരുന്നു ശശിയും ഷമ്മിയും.
ചാടിത്തുള്ളി, യാഹൂ വിളിച്ചാണ് ഷമ്മി വന്നതെങ്കില്‍ സഭ്യതയും പരിഷ്കാരവും എത്രമേല്‍ ചേരാമോ അത്ര മേല്‍ ചേര്‍ന്നു വന്നതായി ശശി. ഐവറി മെര്‍ച്ചന്റിന്‍റെ 'ദി ഹൌസ്ഹോള്‍ഡര്‍' എന്ന ചിത്രത്തില്‍ കാല്‍ കാശ് കൈയ്യില്‍ ഇല്ലാത്ത അധ്യാപകന്‍റെ വേഷം ചെയ്യുമ്പോഴും നമുക്കറിയാം ഇയാളെക്കാത്ത് നല്ലൊരു നാളെയുണ്ട് എന്ന്.
ബബിത (ഹസീന മാന്‍ ജായെഗി), നന്ദ (ജബ് ജബ് ഫൂല്‍ ഖിലെ), ഷര്‍മിള ടാഗോര്‍ (ആ ഗലേ ലഗ് ജാ, ന്യൂ ഡല്‍ഹി ടൈംസ്), ആശാ പരേഖ് (പ്യാര്‍ കാ മൌസം), രാഖീ (ശര്‍മീലീ), സീനത് അമന്‍ (സത്യം ശിവം സുന്ദരം), രേഖ (കല്‍യുഗ്, വിജേത), ഹേമ മാലിനി (അഭിനേത്രി) തുടങ്ങിയവരെയെല്ലാം സ്ക്രീനില്‍ പ്രണയിച്ചു ശശി. 60കള്‍ മുതല്‍ 80കള്‍ വരെ നീണ്ടു കിടക്കുന്ന ഈ നായികാ നിരകളുടെ കൂടെയെല്ലാം ഏറ്റവും ചേര്‍ച്ചയോട് കൂടിത്തന്നെയാണ് അദ്ദേഹം അഭിനയിച്ചത് എന്നതാണ് ശ്രദ്ധേയമായ വസ്തുത. മികച്ച നടിമാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ അന്നത്തെ നായകന്മാര്‍ നേരിട്ട ഒരു തരം അരക്ഷിതത്വം ഒരു കാലത്തും തൊട്ടു തീണ്ടിയില്ല ശശി കപൂറിനെ എന്നതും ശ്രദ്ധിക്കേണ്ടതാണ്.
/indian-express-malayalam/media/media_files/uploads/2018/03/shashi-kappor-with-heroines.jpg)
ചിത്രത്തില്‍ നഫീസ അലി, വഹീദ റഹ്മാന്‍, ആശാ പരേഖ്, സീനത്ത് അമന്‍, ശബാന ആസ്മി, രേഖ, സുപ്രിയ പാഥക്, നീതു സിംഗ് എന്നിവര്‍
ഇവിടം കൊണ്ടാവസാനിക്കുന്നില്ല ശശി കപൂറിന്‍റെ വ്യത്യസ്തതകള്‍. ബ്രിട്ടീഷുകാരിയായ ജെന്നിഫര്‍ കെന്‍ഡാലിനെ വിവാഹം കഴിച്ച്, സിനിമയിലേയും നാടകത്തിലേയും വേറിട്ട വഴികള്‍ തേടി അദ്ദേഹം. മെലോഡ്രാമ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ തന്നെ നൂതനവും വ്യത്യസ്തവുമായ ഒരു പിടി നല്ല ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുമുണ്ട് അദ്ദേഹം, 1978 മുതല്‍ 1984 വരെയുള്ള കാലഘട്ടത്തില്‍. 'ജുനൂന്‍', 'കല്‍യുഗ്', '36 ചൌരന്ഗീ ലേന്‍', 'വിജേത', 'ഉത്സവ്' എന്നിവയാണ് അവ. ഇതില്‍ പലതും സാമ്പത്തിക നേട്ടം ഉണ്ടാക്കിയവയല്ല, എങ്കിലും ഒരു കലാകാരന്‍ എന്ന നിലയില്‍ ഈ ചിത്രങ്ങളിലെല്ലാം തന്നെ തൃപ്തി കണ്ടിരുന്നു അദ്ദേഹം.
തീക്ഷ്ണ സൗന്ദര്യവും, അഭിനയചാതുര്യവുമെല്ലാം തീര്‍ത്തും ലളിതമായണിഞ്ഞ അദ്ദേഹത്തിലെ പ്രതിഭ പലപ്പോഴും നമ്മുടെ ശ്രദ്ധയില്‍ പതിഞ്ഞില്ല എന്നതാണ് സത്യം. 'കഭി കഭി' എന്ന വിഖ്യാതമായ യഷ് ചോപ്ര ചിത്രത്തില്‍ അമിതാഭ് ബച്ചനോടൊപ്പം എത്തുന്ന ശശി കപൂര്‍ തന്‍റെ സാന്നിധ്യവും മഹിതമായ സൗമ്യതയും കൊണ്ട് ആ ചിത്രത്തെ അനായാസമായി എത്തിക്കുന്ന ഒരു തലമുണ്ട്.
വെറുതെ വന്നൊന്ന് ഹൃദ്യമായി ചിരിച്ച്, നമ്മുടെ ഹൃദയത്തിന്‍റെ ഒരു കോണില്‍ സുസ്ഥിരമായ ഒരിടം നേടിപ്പോകുന്ന നായകന്‍. അതായിരുന്നു ശശി കപൂര്‍.
ജീവിച്ചിരുന്നെങ്കില്‍ ഇന്ന് എണ്‍പത് വയസ്സ് തികയുമായിരുന്നു അദ്ദേഹത്തിന്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.