‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായതിനു മമ്മൂട്ടിക്ക് നന്ദി അറിയിച്ചു കൊണ്ട് നടൻ ഷറഫുദീൻ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച ഒരു ഫോട്ടോ ശ്രദ്ധ നേടുന്നു. മെഗാസ്റ്റാറിനൊപ്പം ഷറഫു നിൽക്കുന്ന ഒരു ചിത്രമാണ് ‘പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി’ എന്ന കുറിപ്പിനൊപ്പം അദ്ദേഹം ഷെയർ ചെയ്തത്. ‘ചേട്ടനും അനിയനും പോലെയുണ്ടല്ലോ’ എന്ന് കുറിച്ച് ഷറഫുവിന്റെ ഫോട്ടോക്ക് കമന്റുമായി സംവിധായകൻ അൽഫോൻസ് പുത്രനും എത്തി. ഇതേ ചിത്രം തന്നെ ഷറഫുദീൻ തന്റെ ഫേസ്ബുക്കിലും പങ്കു വച്ചിട്ടുണ്ട്. അവിടെ’മമ്മുക്കയാ ചുള്ളൻ,’ ‘രണ്ടാളും ഉയിർ,’ ‘മമ്മുക്ക ഉയിർ ഷറഫിക്ക പൊളി’ എന്നൊക്കെയാണ് കമന്റുകൾ.
ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘പ്രിയൻ ഓട്ടത്തിലാണ്’ നാളെ തിയേറ്ററുകളിലേക്ക്. ആന്റണി സോണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഓരോരോ ജോലികളുമായി സദാ ഓടിക്കൊണ്ടിരിക്കുന്ന പ്രിയൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, ആർ ജെ, കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരിക്കാർ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ശബരീഷ് വർമ, പ്രജീഷ് പ്രേം, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ലിജിൻ ബാംബിനോ സംഗീതം പകർന്നിരിക്കുന്നു. ഛായാഗ്രഹണം പി എൻ ഉണ്ണികൃഷ്ണനും എഡിറ്റിംഗ് ജോയൽ കവിയും നിർവ്വഹിക്കുന്നു. മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്.
Read Here: New Malayalam Release: നാളെ റിലീസിനെത്തുന്ന ചിത്രങ്ങൾ