scorecardresearch

ജയറാമിന്റെ ആ ഫോണ്‍ കോളാണ് ശാന്തി കൃഷ്ണയെ ‘ലോനപ്പന്റെ മാമോദീസ’യിലെത്തിച്ചത്

ജയറാമിന്റെ ചേച്ചി റോള്‍ സ്വീകരിക്കാന്‍ തനിക്ക് തുടക്കത്തില്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് ശാന്തി കൃഷ്ണ

ജയറാമിന്റെ ആ ഫോണ്‍ കോളാണ് ശാന്തി കൃഷ്ണയെ ‘ലോനപ്പന്റെ മാമോദീസ’യിലെത്തിച്ചത്

ജയറാം ചിത്രമായ ‘ലോനപ്പന്റെ മാമോദീസ’ നാളെ തിയ്യറ്ററുകളിലെത്തും. ചിത്രത്തില്‍ ജയറാമിന്റെ സഹോദരിയായി എത്തുന്നത് ശാന്തി കൃഷ്ണയാണ്. തന്റെ രണ്ടാം വരവില്‍ ശ്രദ്ധേയമായ റോളുകളാണ് ശാന്തി ചെയ്യുന്നത്. ലോനപ്പന്റെ മാമോദിസയില്‍ ജയറാമിന്റെ മൂത്ത ചേച്ചിയാണ് ശാന്തി എത്തുന്നത്. എന്നാല്‍ കഥാപാത്രം ചെയ്യാന്‍ ആദ്യം താന്‍ വിസമ്മതിച്ചിരുന്നുവെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്. ഒരിക്കല്‍ തന്റെ ഹീറോയായി വരെ അഭിനയിച്ചിട്ടുള്ള, സമ പ്രായക്കാരനായ ജയറാമിന്റെ ചേച്ചിയായി അഭിനയിക്കുന്നത് തനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്ന് അവര്‍ പറയുന്നു.

”ജയറാമിന്റെ നായികയാവുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ചിത്രത്തിന്റെ കഥ പറഞ്ഞ് തുടങ്ങിയിട്ടും എന്റെ റോളിനെ പറ്റി ഒന്നും പറഞ്ഞില്ല. പക്ഷെ ഒരു വല്യേച്ചിയെ കുറിച്ച് പറയുന്നുണ്ടായിരുന്നു. പിന്നീടാണ് അറിഞ്ഞത് അത് എനിക്കുള്ള റോളാണെന്ന്. അതെനിക്ക് അംഗീകരിക്കാനായില്ല. എന്തിന് ഞാന്‍ ജയറാമിന്റെ ചേച്ചിയായി അഭിനയിക്കണം” ശാന്തി കൃഷ്ണ പറയുന്നു. അതുകൊണ്ടു തന്നെ ചിത്രം കമ്മിറ്റ് ചെയ്യാന്‍ ശാന്തി കൃഷ്ണ മടിച്ചു. എന്നാല്‍ ജയറാമിന്റെ ഒരു ഫോണ്‍ കോളില്‍ അവര്‍ തീരുമാനം മാറ്റുകയായിരുന്നു.

”ജയറാമിന്റെ ഫോണ്‍ കോളാണ് എല്ലാം മാറ്റിയത്. അദ്ദേഹം വിളിച്ചു, ജയറാമിന്റെ വല്യേച്ചി എവിടെ ? എന്നു ചോദിച്ചു. ജയറാം എന്നെ പറഞ്ഞ് ബോധ്യപ്പെടുത്തി. മനോഹരമായൊരു കഥാപാത്രമായിരിക്കുമെന്ന് പറഞ്ഞു. ലോനപ്പനും അയാളുടെ സഹോദരിമാരുമായുള്ള ബന്ധവുമാണ് ചിത്രം പറയുന്നത്. ഞാന്‍ വീണ്ടും ചിന്തിച്ചു. ഒടുവില്‍ സമ്മതിക്കുകയായിരുന്നു” അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ സമകാലികരായ നടന്മാരെല്ലാം ക്യാരക്ടര്‍ റോളുകളിലേക്ക് മാറിയെന്നും താനത് മനസിലാക്കുന്നുവെന്നും ശാന്തി കൃഷ്ണ പറഞ്ഞു. അതുകൊണ്ടു തന്നെ കേന്ദ്ര കഥാപാത്രം തന്നെ ചെയ്യണമെന്ന നിര്‍ബന്ധം തനിക്കില്ല. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള പോലുള്ള ചിത്രങ്ങളും ഷീല ചാക്കോയേ പോലുള്ള കഥാപാത്രങ്ങളും എപ്പോഴുമുണ്ടാകില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ വെറും അമ്മ വേഷങ്ങളില്‍ ഒതുങ്ങാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. തന്റെ കഥാപാത്രത്തിന് തിരക്കഥയില്‍ പ്രധാന്യം വേണമെന്നും നടി എന്ന നിലയില്‍ തനിക്കെന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതുമായിരിക്കണമെന്നും അവര്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shanti krishna talks about her role in lonappante mamodisa

Best of Express