scorecardresearch
Latest News

ഇനി സങ്കടമില്ല: ശാന്തി കൃഷ്ണ

ശ്രീനാഥുമായുള്ള വിവാഹത്തിനു ശേഷമാണ് ശാന്തികൃഷ്‌ണ സിനിമയില്‍ നിന്നും വിട്ടു നിന്നത്.

ഇനി സങ്കടമില്ല: ശാന്തി കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട നടി ശാന്തി കൃഷ്‌ണ 19 വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയത്. പ്രേക്ഷകര്‍ക്കായാലും താരത്തിനായാലും ആ കാത്തിരിപ്പ് വെറുതെ ആയില്ല. ചിത്രത്തിലെ പ്രകടനത്തിന് ഇത്തവണത്തെ ഫിലിംഫെയര്‍ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ശാന്തി കൃഷ്‌ണ.

“സത്യത്തില്‍, വര്‍ഷങ്ങളോളം മലയാള സിനിമയുടെ ഭാഗമായിട്ടും ഒരിക്കല്‍ പോലും ഈ പുരസ്‌കാരം നേടാന്‍ കഴിയാത്തതിന്റെ സങ്കടം എനിക്കുണ്ടായിരുന്നു. പക്ഷെ തിരിച്ചുവരവില്‍ ആദ്യ ചിത്രത്തിലൂടെ തന്നെ അതു നേടാനായി എന്നതില്‍ വളരെ സന്തോഷമുണ്ട്,” ഫിലിംഫെയര്‍ പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് ശാന്തികൃഷ്‌ണ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

അല്‍താഫ് സലിം സംവിധാനം ചെയ്‌ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ ഷീല ചാക്കോ എന്ന കഥാപാത്രമായാണ് ശാന്തി കൃഷ്‌ണ എത്തിയത്. നിവിന്‍ പോളിയുടെ അമ്മയുടെ വേഷത്തിലാണ് ശാന്തി കൃഷ്‌ണ അഭിനയിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് നിരവധി പ്രശംസകള്‍ താരം നേടിയിരുന്നു.

ശ്രീനാഥുമായുള്ള വിവാഹത്തിനു ശേഷമാണ് ശാന്തികൃഷ്‌ണ സിനിമയില്‍ നിന്നും വിട്ടു നിന്നത്. താന്‍ അഭിനയിക്കുന്നത് ശ്രീനാഥിന് ഇഷ്‌ടമല്ലായിരുന്നുവെന്നും, അവസരങ്ങള്‍ വരുമ്പോള്‍ ‘നീ എന്തിനാണ് ഇനി അഭിനയിക്കാന്‍ പോകുന്നത്’ എന്ന് ശ്രീനാഥ് ചോദിക്കാറുണ്ടായിരുന്നുവെന്നും മുമ്പ് ശാന്തികൃഷ്‌ണ പറഞ്ഞിരുന്നു.

അതിനാല്‍ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ താന്‍ മനഃപൂര്‍വ്വം മാറിനില്‍ക്കുകയായിരുന്നു എന്നാണ് ശാന്തി കൃഷ്‌ണ പറഞ്ഞത്. ഇടയ്‌ക്ക് നയം വ്യക്തമാക്കുന്നു എന്ന മമ്മൂട്ടി ചിത്രത്തിലൂടെ രണ്ടാവരവ് നടത്തിയിരുന്നുവെങ്കിലും ഈ സമയത്ത് ശ്രീനാഥിന് സിനിമകള്‍ ഇല്ലാതിരുന്നതിനാല്‍ അത് ബാധിച്ചിരുന്നുവെന്നും ഈഗോ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നുവെന്നും ശാന്തികൃഷ്‌ണ പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shanthi krishna is happy now filmfare award