ശ്രീനാഥുമായുള്ള വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്നത് ശ്രീനാഥിന് ഇഷ്ടമില്ലാതിരുന്നതുകൊണ്ടെന്ന് നടി ശാന്തി കൃഷ്ണ. ഗൃഹലക്ഷ്മിക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ശാന്തി കൃഷ്ണയുടെ വെളിപ്പെടുത്തല്‍. സിനിമയില്‍ നിന്നും അവസരങ്ങള്‍ വന്നപ്പോള്‍ ‘നീ എന്തിനാണ് ഇനി അഭിനയിക്കാന്‍ പോകുന്നത്’ എന്ന് ശ്രീനാഥ് ചോദിക്കാറുണ്ടായിരുന്നു എന്നും ശാന്തികൃഷ്ണ പറയുന്നു.

വിവാഹത്തിനു ശേഷം നഗരത്തില്‍ ജനിച്ചു വളര്‍ന്ന താന്‍ ശ്രീനാഥിനോടൊപ്പം ഒരു കുഗ്രാമത്തില്‍ പോയി ജീവിച്ചെന്നും, സിനിമയില്‍ നിന്നാര്‍ക്കും തന്നെ ബന്ധപ്പെടാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്ന് ശാന്തി കൃഷ്ണ പറയുന്നു. പിന്നീട് താനും സിനിമയെ കുറിച്ച് പതുക്കെ മറന്നു തുടങ്ങി. പിന്നീട് പ്രിയദര്‍ശന്‍ ഉള്‍പ്പെടെ പലരും ശ്രീനാഥിനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ തനിക്ക് പ്രശ്‌നമില്ലെന്നും അഭിനയിക്കാന്‍ ശാന്തികൃഷ്ണയ്ക്ക് താത്പര്യം ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ശ്രീനാഥിന് താന്‍ അഭിനയിക്കുന്നത് ഇഷ്ടമില്ലെന്ന് മനസിലാക്കി, പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ താന്‍ മനഃപൂര്‍വ്വം മാറി നില്‍ക്കുകയായിരുന്നുവെന്നും ശാന്തികൃഷ്ണ അഭിമുഖത്തില്‍ പറയുന്നു. ഇടയ്ക്ക് നയം വ്യക്തമാക്കുന്നു എന്ന സിനിമയിലൂടെ രണ്ടാംവരവ് നടത്തിയ സമയത്ത് ശ്രീനാഥിന് സിനിമകള്‍ ഒന്നും ഇല്ലായിരുന്നെന്നും ഇത് ശ്രീനാഥിനെ വല്ലാതെ ബാധിച്ചുവെന്നും ഈഗോ പ്രശ്‌നങ്ങള്‍ ഉടലെടുത്തുവെന്നും ശാന്തികൃഷ്ണ പറയുന്നു.

19 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ശാന്തികൃഷ്ണ സിനിമാ ലോകത്തേക്ക് തിരിച്ചു വരുന്നത്. നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഇത്തവണ ശാന്തികൃഷ്ണയുടെ അരങ്ങേറ്റം. സിനിമ വിട്ട് ബെംഗളൂരുവിലേക്കും പിന്നീട് അവിടെ നിന്നും അമേരിക്കയിലേക്കും പോകുകയായിരുന്നു അവര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ