സംവിധായകന്‍ ശങ്കറിനൊപ്പം ഇളയദളപതി വിജയ് വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍-2’ വിന് ശേഷം വിജയ് ചിത്രത്തെ കുറിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ലെങ്കിലും വിജയ്-ശങ്കര്‍ കൂട്ടുക്കെട്ടില്‍ വീണ്ടും ഒരു സിനിമ എത്തുമെന്ന് തന്നെയാണ് ഏറ്റവും പുതിയ വാര്‍ത്ത.

ഈ അടുത്ത് നടന്ന ഒരു പരിപാടിയിലാണ് വിജയ്‌ക്കൊപ്പം മറ്റൊരു സിനിമ ചെയ്യാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ ശങ്കര്‍ പ്രതികരിച്ചത്. “ഞാനും വിജയ്‌യും ഒന്നിക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രഖ്യാപനം ഉടന്‍ ഉണ്ടാകും” ശങ്കര്‍ പറഞ്ഞു. ശങ്കറിനൊപ്പം ഒരു സിനിമ ചെയ്യാന്‍ വിജയ് ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിജയ്‌യുമായി അവസാനഘട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും ആരാധകര്‍ കാത്തിരിക്കുന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ശങ്കര്‍ വ്യക്തമാക്കുന്നു.

Read Also: ജയലളിതയുടെ ജീവിതകഥ: പ്രിയാമണി ശശികലയാകും

വിജയ്-ശങ്കർ കൂട്ടുക്കെട്ടിൽ പിറന്ന ‘നൻപൻ’ തമിഴിൽ സൂപ്പർഹിറ്റായിരുന്നു. വിജയ്‌യുടെ സിനിമാ ജീവിതത്തിലും വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു ‘നൻപൻ’. 2009 ൽ പുറത്തിറങ്ങിയ ‘ത്രി ഇഡിയറ്റ്‌സി’ന്റെ തമിഴ് റീമേക്കായിരുന്നു വിജയ്‌യുടെ ‘നൻപൻ’. 2012 ലാണ് ‘നൻപൻ’ പുറത്തിറങ്ങിയത്. ബോക്‌സ്‌ഓഫീസിൽ ഏറെ കളക്ഷൻ സ്വന്തമാക്കിയ ചിത്രമായിരുന്നു ഇത്.

ശങ്കറിന്റേതായി തിയറ്ററുകളിലെത്തുന്ന അടുത്ത ചിത്രം ‘ഇന്ത്യൻ-2’ വാണ്. ഉലകനായകൻ കമൽഹാസനാണ് ചിത്രത്തിൽ നായകൻ. 1996 ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. സിനിമയുടെ ബജറ്റ് സംബന്ധിച്ച് നിലനിന്നിരുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായാണി റിപ്പോർട്ട്.

Read Also: രാജീവ് ഗാന്ധിക്കൊപ്പം ഐസ്‌ക്രീം നുണയുന്ന സുന്ദരി; സോണിയ ഗാന്ധിയുടെ അപൂര്‍വ ചിത്രങ്ങള്‍

നിലവില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂപ്പര്‍ താരം വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ‘ദളപതി 64’ എന്ന പേരിട്ട ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിജയ്‌യുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം ബിഗിൽ ആണ്. സിനിമ ബോക്‌സ്ഓഫീസിൽ മികച്ച കളക്ഷൻ സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook