സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ 2.0 കാണാൻ ഇനിയും കാത്തിരിക്കണം. ഈ വർഷം ദീപാവലിയ്‌ക്ക് റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രത്തിന്റെ റിലീസ് നീട്ടി വെച്ചു. 2018 ജനുവരി 25 ആണ് രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി. ശങ്കറാണ് സയൻസ് ഫിക്ഷൻ 2.0 യുടെ സംവിധായകൻ.

2.0 നിർമ്മിക്കുന്ന പ്രൊഡക്ഷൻ കമ്പനിയായ ലിസിയ പ്രൊഡക്ഷനസിന്റെ ക്രിയേറ്റീവ് ഹെഡായ രാജു മഹാലിംഗമാണ് സിനിമയുടെ റിലീസ് നീട്ടിയ കാര്യമറിയിച്ചത്. ”ശങ്കറിന്റെ റോബോട്ട് 2.0യുടെ റിലീസ് 2018 ജനുവരി 25ലേക്ക് നീട്ടി. ചിത്രത്തിലെ വിഎഫ്എക്‌സ് ലോകനിലവാരത്തിലേക്ക് ഉയർത്താനാണ് റിലീസ് മാറ്റിയതെന്നും” രാജു മഹാലിംഗം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

2010ൽ പുറത്തിറങ്ങിയ വിസ്‌മയ ചിത്രം യന്തിരന്റെ തുടർച്ചയാണ് 2.0. 450 കോടി ബജറ്റിലാണ് ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നത്. സിനിമാ ലോകം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് രജനീകാന്തും അക്ഷയ് കുമാറും ഒന്നിക്കുന്ന 2.0. നായികയായെത്തുന്നത് ആമി ജാക്‌സണാണ്. സംഗീത വിസ്‌മയം എ.ആർ.റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം ചിത്രം പുറത്തിറങ്ങും.

ഇതോടെ സിനിമാ ലോകം കാത്തിരുന്ന തിയേറ്ററിലെ ഒരു താരയുദ്ധമാണ് ഒഴിവാകുന്നത്. നേരത്തെ രജനീകാന്തിന്റെ 2.0യും ആമിർ ഖാന്റെ സീക്രട്ട് സൂപ്പർ സ്റ്റാറും ദീപാവലിയ്‌ക്ക് റിലീസ് ചെയ്യുമെന്നാണറിയിച്ചിരുന്നത്. എന്നാൽ രജനീകാന്ത് ചിത്രത്തിന്റെ റിലീസ് തീയതി നീട്ടിയത് തിയേറ്ററിലെ ഏറുമുട്ടൽ ഒഴിവാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ