നിർമാതാക്കളുടെ സംഘടന നടൻ ഷെയ്ൻ നിഗത്തിനു വിലക്കേർപ്പെടുത്തിയിരുന്നു. സമയത്തിനു ലൊക്കേഷനിലെത്തുന്നില്ല, ചിത്രത്തിന്റെ എഡിറ്റിങ്ങ് കാണണമെന്ന് ആവശ്യപ്പെടുന്നു തുടങ്ങിയവയാണ് പ്രധാന പരാതികൾ. ഇതിനു പിന്നാലെ ഷെയ്നെതിരെ പരാതി നൽകിയ നിർമാതാവ് സോഫിയ പോളിന്റെ പരാതിയുടെ പകർപ്പും പുറത്തു വന്നു. എന്നാൽ തനിക്കെതികെ ഉയരുന്ന ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഷെയ്ൻ അമ്മ സംഘടനയ്ക്കു നൽകിയ കത്തിൽ പറയുന്നതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
“ആർഡി എക്സ് എന്ന ചിത്രത്തിൽ മൂന്ന് അഭിനേതാക്കളാണ് ഉണ്ടായിരുന്നത്. അതിൽ ഒരാളാകാൻ താത്പര്യമില്ലെന്ന് നേരത്തെ തന്നെ സംവിധാനയകനോട് പറഞ്ഞിരുന്നു. എന്നാൽ സംവിധായകൻ പറഞ്ഞത് എന്നെ കണ്ടു കൊണ്ടാണ് തിരക്കഥ എഴുതിയതെന്നാണ്. ഞാൻ അവതരിപ്പിക്കുന്ന റോബേർട്ട് എന്ന കഥാപാത്രമാണ് നായകനെന്നും പറഞ്ഞു. പക്ഷെ സിനിമ ചിത്രീകരിച്ചതിനു ശേഷം അതിൽ സംശയം വന്നു. അതുകൊണ്ട് സംവിധായകൻ തന്നെയാണ് എഡിറ്റിങ്ങ് കാണാൻ ആവശ്യപ്പെട്ടത്” ഷെയ്ൻ പറയുന്നു.
ചിത്രത്തിന്റെ ഷൂട്ടിന് ചെന്നപ്പോൾ തന്റെ ചെവിയിൽ പാറ്റ കയറിയെന്നും ഇതേ തുടർന്ന് ബ്ലീഡിങ്ങ് ഉണ്ടായെന്നും ഷെയ്ൻ കത്തിൽ പറയുന്നു. അഭിനോതാക്കളിൽ ഒരാളുടെ കയ്യിൽ അപകടം സംഭവിച്ചതിനെ തുടർന്ന് ഷൂട്ട് നീണ്ടു പോയെന്നും ഇതേ തുടർന്ന് മറ്റു സിനിമകളുടെ ഡേറ്റുമായി ക്ലാഷ് സംഭവിച്ചെന്നും ഷെയ്ൻ പറഞ്ഞു. നിർമാതാവിന്റെ ഭർത്താവ് ബഹുമാനമില്ലാത്ത വിധം സംസാരിച്ചതു കൊണ്ടാണ് അമ്മ ക്ഷോഭിച്ചതെന്നും ഇത്തരം ആരോപണങ്ങൾ വിഷമമുണ്ടാകുന്നുണ്ടെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു.