വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയിൽ ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രം വലിയ പെരുന്നാൾ തിയേറ്ററുകളിൽ എത്തുകയാണ്. അതിനിടെ പുതിയൊരു വാർത്തകൂടിയുണ്ട് ഷെയ്നിന് പറയാൻ. അഭിനയ രംഗത്തു നിന്ന് മറ്റൊരു മേഖലയിലേക്ക് കൂടി ഷെയ്ൻ ചുവടുവയ്ക്കുകയാണ്. താൻ സിനിമ നിർമിക്കുന്നു എന്നാണ് ഷെയ്നിന്റെ പുതിയ വെളിപ്പെടുത്തൽ.

മലയാള സിനിമയിൽ വളരെയധികം അനുഭവ പരിചയമുള്ള രണ്ടു നവാഗത സംവിധായകർ ഒരുക്കാൻ പോകുന്ന സിംഗിൾ, സാരമണി കോട്ട എന്നീ ചിത്രങ്ങളാണ് താൻ നിർമിക്കുന്നതെന്ന് ഓൺലുക്കേഴ്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷെയ്ൻ വ്യക്തമാക്കി. ഈ രണ്ടു ചിത്രങ്ങളിലും ഷെയ്ൻ തന്നെയാണോ നായകൻ എന്ന കാര്യം വെളിപ്പെടുത്തിയില്ല. ഏതായാലും ചിത്രങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും എന്നാണ് ഷെയ്ൻ പറയുന്നത്.

Read More: നിർമാതാക്കൾക്കെതിരായ പരാമർശം; ക്ഷമ ചോദിച്ച് ഷെയ്ൻ നിഗം

അതിനിടെ തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ വേദിയിൽ നിർമാതാക്കൾക്കെതിരെ ഷെയ്ൻ നടത്തിയ പരാമർശം വിവാദമായിരുന്നു. നിർമാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്നായിരുന്നു ഷെയ്നിന്റെ മറു ചോദ്യം. എന്നാൽ ഈ മറുപടി വിവാദമാകുകയും ഷെയ്നുമായി ചർച്ചയ്ക്കില്ലെന്ന് നിർമാതാക്കൾ വ്യക്തമാക്കുകയും ചെയ്തു.

ഷെയ്‌ൻ നിഗത്തിനെതിരെ കൂടുതല്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തി. ഷെയ്‌ൻ നിഗത്തെ ഇതരഭാഷകളിലെ സിനിമകളിലും സഹകരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ഫിലിം ചേബര്‍ കത്ത് നല്‍കി. ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനാണ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ കത്ത് നല്‍കിയത്. ഇക്കാര്യം ഫിലിം ചേംബർ അധികൃതർ സ്ഥിരീകരിച്ചിരുന്നു.

ഷെയ്‌ൻ നടത്തിയ പരാമര്‍ശത്തിനെതിരെ ‘അമ്മ’യും ‘ഫെഫ്‌ക’യും രംഗത്തെത്തിയിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സംഘടനാ നേതൃത്വങ്ങള്‍ തീരുമാനിച്ചു. ഷെയ്‌ൻ ഖേദം പ്രകടിപ്പിക്കാതെ ഇനി ചര്‍ച്ചകള്‍ നടത്തില്ലെന്നായിരുന്നു നിര്‍മാതാക്കളുടെ സംഘടനയുടെ അഭിപ്രായം.

വിവാദങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ഷെയ്ൻ സാംസ്കാരിക മന്ത്രി എ.കെ ബാലനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ ഒരു പക്ഷവും പിടിക്കാനില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി എ.കെ.ബാലൻ വ്യക്തമാക്കി. ഷെയ്നിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളുണ്ടായിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചില വിവാദപരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഷെയ്ൻ പ്രശ്നത്തിൽ സർക്കാരിന്‍റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടില്ലെന്നും എ.കെ.ബാലൻ പറഞ്ഞു.

സിനിമാ വ്യവസായം സംരക്ഷിക്കുന്നതിനുള്ള ഇടപെടൽ സർക്കാർ നടത്തും. അല്ലാതെ ഒരു പക്ഷവും പിടിക്കില്ല. ഇത് സംഘടനകൾ ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്. അത്തരത്തിൽ രമ്യമായി പരിഹരിക്കണം. ഷെയ്നിനെ ഭീകരവാദിയായി സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ്. സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാൽ കഴിയാവുന്നത് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook