ഷെയ്ന്‍ നിഗം- മലയാള സിനിമയില്‍ പുതുമകളുടെ കാലത്തെ പുതുമയാണ് ഈ ചെറുപ്പക്കാരന്‍. ‘അന്നയും റസൂലും’ എന്ന രാജീവ് രവി ചിത്രത്തിലൂടെ സിനിമയിലെത്തി പിന്നീട് ‘കിസ്മത്തി’ലൂടെ നായകനിരയിലേക്കുയര്‍ന്ന ഷെയ്ന്‍ പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള ഒരു നടനാണ്. ചെറുപ്പത്തിന്റെ ഊര്‍ജസ്വലതയും അങ്കലാപ്പുകളും, വിഹ്വലതകളുമെല്ലാമുള്ള ഇര്‍ഫാന്‍ എന്ന കഥാപാത്രം ഭദ്രമായിരുന്നു ഷെയ്‌നിന്റെ കൈകളില്‍. ഇര്‍ഫാന്റെ പ്രണയം, ദുര്‍ബലമായ ചെറുത്തു നില്‍പ്പുകള്‍, നിസ്സഹായത എല്ലാം മനസ്സില്‍ തട്ടുന്നവിധം അവതരിപ്പിച്ച ഈ യുവനടന് മലയാള സിനിമയില്‍ ഒരു ഭാവിയുണ്ടെന്ന് പ്രേക്ഷകര്‍ അന്നേ തിരിച്ചറിഞ്ഞതാണ്. എന്നാല്‍ ഷെയ്ന്‍ ഇതേക്കുറിച്ചൊന്നും ചിന്തിക്കുന്നേയില്ല എന്നതാണ് സത്യം.
‘ഞാനൊരു നടനാണെന്നോ, അഭിനയം എന്റെ കരിയറാണെന്നോ ഒന്നും ഇതുവരെ ചിന്തിച്ചിട്ടില്ല. സിനിമ എനിക്കൊരുപാട് ഇഷ്ടമാണ്. ഇഷ്ടപ്പെട്ട ഒരു കാര്യം ചെയ്യുന്നു. ഒരു കഥാപാത്രമാകാന്‍ പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും നടത്താറില്ല. ചെയ്യുന്ന കാര്യത്തോട് നൂറു ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തുക എന്നതിനപ്പുറം കണ്ണാടിക്കു മുന്നില്‍ നിന്ന് ‘ഇങ്ങനെ ചെയ്യണം’ എന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ചിട്ടെന്തെങ്കിലും കാര്യമുണ്ടെന്നും തോന്നുന്നില്ല. ഒരു ആക്ഷനും കട്ടിനും ഇടയില്‍ സംഭവിക്കുന്നതാണ് ജനം കാണുന്നത്.’

ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയുടെ ഭാഗമായി മാറിയ ഒരു കൊച്ചു പയ്യന്‍, പിന്നീട് നായകനടനാകുന്നു. ഒട്ടും ‘ചോക്ലേറ്റ്’ അല്ലാത്ത മലയാളത്തിന്റെ യുവനടനാണ് ഷെയ്ന്‍.
‘കിസ്മത്തിലെ ഇര്‍ഫാന്‍ എന്ന കഥാപാത്രത്തിന് എന്റെ സ്വഭാവവുമായി ഒരു എഴുപതു ശതമാനത്തോളം സാമ്യമുണ്ടെന്നു പറയാം. പിന്നെ ഞാനുമായി സാമ്യമുള്ളത്. ‘അന്നയും റസൂലും’ എന്ന ചിത്രത്തിലെ നായികയുടെ സഹോരദന്റെ കഥാപാത്രത്തിനാണ്. എന്റെ ആദ്യത്തെ സിനിമയാണ് അന്നയും റസൂലും. ഒരു പരിചയവുമില്ല. അതില്‍ പോയി തല്ലാന്‍ പറയുന്ന ഒരു സീനുണ്ട്. അതു പറയുന്നു, പോയി തല്ലുന്നു. ഒരു തയ്യാറെടുപ്പുമില്ല. ഈ രണ്ടു കഥാപാത്രങ്ങളും ഞാനുമായി വളരെ ചേര്‍ന്നു നില്‍ക്കുന്നതാണ്.’
സ്വന്തം സ്വഭാവവുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രമാണ് ‘ഈട’യിലെ ഇന്‍ഷുറന്‍സ് ഏജന്റ് ആനന്ദ് ബാലകൃഷ്ണന്‍ എന്ന് ഷെയ്ന്‍ പറയുന്നു.
‘ഫിലിം എഡിറ്റര്‍ അജിത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഈട. മലബാറില്‍ ഈട എന്നു പറഞ്ഞാല്‍ ഇവിടെ എന്നാണ് അര്‍ത്ഥം. മലബാറിനും മൈസൂരിനും ഇടയ്ക്കു നടക്കുന്ന പ്രണയ കഥയായ ‘ഈട’, ‘റോമിയോ ആന്‍ഡ് ജൂലിയറ്റി’ന്റെ ഒരു സ്വതന്ത്രാവിഷ്‌കാരമാണ്. നിമിഷ സജയനാണ് നായിക. ആനന്ദ് ബാലകൃഷ്ണന്‍ എന്ന ഇന്‍ഷുറന്‍സ് ഏജന്റായാണ് ഞാനെത്തുന്നത്. ഒരുപാട് സംസാരിച്ച് ആളുകളെ കൈയ്യിലെടുക്കേണ്ട പണിയാണ്. എനിക്കാണെങ്കില്‍ അതു ഒട്ടും വശമില്ല. കുറച്ചു ബുദ്ധിമുട്ടി.’

രാജീവ് രവിയാണ് ‘ഈട’യുടെ നിര്‍മ്മാണം. ഷെയ്ന്‍ രാജീവ് രവിയുടേയും സംഘത്തിന്റേയും പ്രൊഡക്ഷനിലെത്തുന്ന സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. ‘കിസ്മത്ത്’, ‘അന്നയും റസൂലും’, ‘കമ്മട്ടിപ്പാടം’, ഇപ്പോൾ ‘ഈട’യും. ‘അഭിനേതാക്കള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമാണ് രാജീവ് രവിയുടെ സെറ്റില്‍. അങ്ങനെ ചെയ്യരുത്, ഇങ്ങനെയേ ചെയ്യാവൂ എന്നൊന്നും രാജീവേട്ടന്‍ പറയാറില്ല. ആര്‍ട്ടിസ്റ്റിനെ ഏറ്റവും കംഫര്‍ട്ടബിള്‍ ആക്കുക എന്നതാണ് പുള്ളിയുടെ രീതി.’
ഫഹദ് ഫാസിലിനു ശേഷം മലയാള സിനിമയ്ക്ക് ലഭിച്ച ഒരു ‘നടന്‍’ തന്നെയാണ് ഷെയ്ന്‍. ഫഹദിന്റെ പിന്‍ഗാമിയെന്നൊക്കെ ആളുകള്‍ വിളിച്ചും തുടങ്ങി. ഇതൊക്കെ കേള്‍ക്കുമ്പോള്‍ വളരെ സന്തോഷമുണ്ടെങ്കിലും ആരെയും ആരുമായും താരതമ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്ന് ഷെയ്ന്‍ കരുതുന്നില്ല. ഓരോ ആളും ഓരോന്നാണ്. ഓരോ അഭിനേതാവും ഓരോ പോലെയാണ് എന്ന് തന്റെ നിലപാട് വ്യക്തമാക്കുകയാണ് ഈ യുവനടന്‍.
‘എന്റേതായ ശൈലി ഉണ്ടാക്കുന്നു എന്നൊന്നും ഞാന്‍ പറയില്ല. ഞാനിപ്പോള്‍ എന്തുണ്ടാക്കാനാണ്?’ പൊട്ടിച്ചിരിച്ചുകൊണ്ടാണ് മറുപടി.
‘ഫഹദ് ഫാസിലിനെ പോലെ അത്രയും കഴിവുള്ള ഒരുനടനെ പോലെ ഞാന്‍ അഭിനയിക്കുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ വളരെ സന്തോഷമുണ്ട്. പക്ഷെ അത്തരം താരതമ്യങ്ങള്‍, അത് ആരെക്കുറിച്ചായാലും അത്ര നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. നല്ലതല്ല എന്നു പറയുമ്പോള്‍, അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.’

കഥാപാത്രത്തെയല്ല, സിനിമയെ ആണ് ഷെയ്ന്‍ തിരഞ്ഞെടുക്കുന്നത്.
‘ഒരു തിരക്കഥ കേള്‍ക്കുമ്പോള്‍ കഥാപാത്രത്തെ കുറിച്ചല്ലല്ലോ ആ സിനിമയെ കുറിച്ചല്ലേ നമുക്കൊരു ധാരണ കിട്ടുന്നത്. ഇതെന്റേതാണ് എന്നൊരു തോന്നലുണ്ടാകുമ്പോഴാണ് ഒരു സിനിമ ചെയ്യാമെന്ന് സമ്മതിക്കുന്നത്. പിന്നെ നേരത്തേ പറഞ്ഞതു പോലെ കഥാപാത്രമാകാന്‍ ഞാനിരുന്ന് പഠിക്കാറില്ല. അടുത്തിറങ്ങിയ ‘പറവ’യില്‍ ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രം മരിച്ചതിനു ശേഷം ഞാന്‍ കരയുന്ന ഒരു രംഗം ഉണ്ട്. ഈ കരച്ചില്‍ എങ്ങനെ ചെയ്തു ഫലിപ്പിക്കണം എന്നൊരു ധാരണ ഇല്ലായിരുന്നു. എനിക്കു മാത്രമല്ല, സംവിധായകന്‍ സൗബിന്‍ സാഹിറിനും നല്ല ടെന്‍ഷനുണ്ടായിരുന്നു. പിന്നെ സൗബിനിക്ക പറഞ്ഞു ‘നീയങ്ങു പോയി കരയ്’ എന്ന്. ഞാന്‍ കരഞ്ഞു. അപ്പോള്‍ ഉറക്കെ കരയാന്‍ പറഞ്ഞു. ഇതാണ് സംഭവിച്ചത്. അതിനു വേണ്ടി ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല.’
സിനിമ കണ്ടും കേട്ടുമൊക്കെ തന്നെയാണ് ഷെയ്ന്‍ വളര്‍ന്നത്. അച്ഛന്‍ അബി നടനും മിമിക്രി കലാകാരനുമൊക്കെയായി ഈ രംഗത്ത് സജീവമായിരുന്നെങ്കിലും സിനിമ തിരഞ്ഞെടുക്കണമെന്ന് ഒരിക്കലും മകനോട് ആവശ്യപ്പെട്ടിട്ടില്ല.
‘എനിക്ക് സാധിക്കാതെ പോയത് എന്റെ മകന് സാധിക്കണം എന്നൊക്കെ നമുക്ക് സിനിമയില്‍ പറയാം. ഇത് ജീവിതമല്ലേ. പുള്ളി ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല നീ ഒരു നടനാകണം എന്നോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാകണമെന്നോ. അതൊക്കെ എന്റെ വഴിക്കു വിട്ടു തന്നു. അതിനൊക്കെ അപ്പുറത്താണ് ഞങ്ങള്‍ തമ്മിലുള്ള അടുപ്പം. എന്റെ സിനിമകള്‍ കണ്ട് അഭിപ്രായം പറയും. ഇഷ്ടമായാല്‍ ഇഷ്ടമായി എന്ന്, തിരുത്തേണ്ടതുണ്ടെങ്കില്‍ അങ്ങനെ. പക്ഷെ ഞാനങ്ങനെ ഒന്നും പറയാറില്ല. എനിക്ക് സിനിമയെ കുറിച്ച് അഭിപ്രായം പറയാനൊന്നും അറിയില്ല. ഞാനൊരു ക്രിട്ടിക് അല്ല. ചിലപ്പോള്‍ എല്ലാവരും നല്ലതെന്നു പറയുന്നത് എനിക്ക് ഇഷ്ടമായെന്നു വരില്ല. ആര്‍ക്കും ഇഷ്ടമാകാത്തത് ഇഷ്ടമായെന്നും വരു. ആളുകള്‍ ചില സിനിമകളെക്കുറിച്ച് അഭിപ്രായം പറയുന്നതു കേള്‍ക്കുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട് എന്റെ ആസ്വാദനത്തിന്റെ പ്രശ്‌നമാണെന്ന്. സിനിമകയെ കുറിച്ച് സംസാരിക്കാന്‍ ഇഷ്ടമാണ്. വീട്ടില്‍ ഞാനും ഉപ്പയും, ഉമ്മയും പെങ്ങമ്മാരുമൊക്കെ ഇരുന്ന് അത്തരം ചര്‍ച്ചകള്‍ നടത്താറുമുണ്ട്.’
എല്ലാം സംഭവിക്കുന്നതാണ്, പ്രത്യേകിച്ച് തയ്യാറെടുപ്പുകളോ തീരുമാനങ്ങളോ ഇല്ലെന്നു പറയുന്ന ഒരു നടനോട് ഡ്രീം റോളിനെക്കുറിച്ചു ചോദിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.
‘നാളെ സിനിമ ചെയ്യുമെന്നോ ഈ ഫീല്‍ഡില്‍ ഉണ്ടാകും എന്നോ പോലും എനിക്ക് ഉറപ്പില്ല. ഒരു സിനിമയില്‍ അഭിനയിച്ചു കഴിയുന്നതോടെ ഞാനത് വിടും. പിന്നെയൊക്കെ വരുന്നതു പോലെ വരും. തിയേറ്ററില്‍ പോയി സിനിമ കാണും. സത്യത്തില്‍ എനിക്കെന്നെ സ്ക്രീനിൽ കാണുമ്പോള്‍ ആകെ ചമ്മലാണ്. അതുപോലെ ആളുകള്‍ വന്ന് സെല്‍ഫി എടുക്കട്ടേ എന്നൊക്കെ ചോദിക്കുമ്പോള്‍ ആകെ ഒരു വെപ്രാളം. ഞാന്‍ സിനിമയെ സ്‌നേഹിക്കുന്നു. എനിക്കു തരുന്ന കഥാപാത്രങ്ങളെ ഇഷ്ടത്തോടെ ആത്മാര്‍ത്ഥതയോടെ ചെയ്യാന്‍ ശ്രമിക്കുന്നു. നമ്മള്‍ എന്തൊരു കാര്യം ചെയ്യുമ്പോഴും അതിന് ശക്തമായൊരു കാരണം വേണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരു സിനിമ ചെയ്യുമ്പോള്‍ ഒന്നുകില്‍ അത് ആ സംവിധായകനു വേണ്ടി ആയിരിക്കണം. അല്ലെങ്കില്‍ അത് നമുക്ക് തന്നെ വേണ്ടി ആയിരിക്കണം. അങ്ങനെ ശക്തമായൊരു കാരണം ഉണ്ടാകുമ്പോള്‍ ചെയ്യുന്ന കാര്യത്തോട് നീതി പുലര്‍ത്താന്‍ കഴിയും. നാളെ ഞാന്‍ ഇത്ര സിനിമ ചെയ്യും ഈ സിനിമ ചെയ്യും എന്നൊന്നും ചിന്തിക്കാറില്ല. എല്ലാം ഒരു കിസ്മത്തല്ലേ…’
ക്യമാറയ്ക്കു മുന്നില്‍ മാത്രമല്ല, ക്യാമറയ്ക്കു പിന്നിലൊന്നു നില്‍ക്കണം എന്ന ആഗ്രഹം ഉള്ള ആളാണ് ഷെയ്ന്‍.
‘പത്താം ക്ലാസ് മുതല്‍ ഞാന്‍ ഷോര്‍ട്ട് ഫിലിംസ് ചെയ്യുന്ന ആളാണ്. അപ്പോള്‍ ഊഹിക്കാമല്ലോ അതിനോട് എത്ര ആഗ്രഹം ഉണ്ടെന്ന്. പ്രഫഷണല്‍ ആയി പുറത്തൊക്കെ പോയി ക്യാമറ പഠിക്കണമെന്നുണ്ട്.’ ‘സൈറാബാനു’ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രമായ ജോഷ്വായുമായി തനിക്കുണ്ടായിരുന്ന ഏക സാമ്യം ഈ ക്യാമറാ സ്നേഹമാണെന്നും ഷെയ്ൻ പറയുന്നു.
നിലവില്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ‘ഓള്’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഷെയ്ന്‍. അടുത്ത വര്‍ഷം ‘വലിയ പെരുന്നാള്‍’ എന്നൊരു ചിത്രവും ഉണ്ടാകും. ഇതേ ഇപ്പോള്‍ ഷെയ്‌നിനറിയൂ… ബാക്കിയെല്ലാം ഒരു കിസ്മത്തല്ലേ..