ഷെയിന്‍ നിഗം-ആന്‍ ശീതള്‍ എന്നിവരെ നായകാ നായകന്‍മാരാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ‘ഇഷ്ക്’ തമിഴില്‍ നിര്‍മ്മിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.  ഷെയിന്‍ നിഗം ചെയ്ത കഥാപാത്രം യുവ താരങ്ങളില്‍ ശ്രദ്ധേയനായ കതിര്‍ ചെയ്യുന്നുവെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.   ശിവ് മോഹ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഈഗിള്‍ ഐ പ്രൊഡക്ഷന്‍സ്.  തമിഴ് റീമേക്കിലും ആന്‍ ശീതള്‍ തന്നെയാണ് നായിക.   ഒരു മാസത്തിനകം ഷൂട്ടിങ് ആരംഭിക്കും എന്നാണു അറിയാന്‍ കഴിഞ്ഞത്.

‘മദ യാനൈ കൂട്ടം’ എന്ന ചിത്രത്തിലൂടെ സിനിമയിലെ എത്തിയ കതിര്‍, ‘വിക്രം വേദ,’ പരിയേറും പെരുമാള്‍’ എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധേയനായത്.  ‘സര്‍ബത്ത്’ എന്ന തമിഴ് ചിത്രവും ‘വിക്രം വേദ’ ഒരുക്കിയ പുഷ്കര്‍-ഗായത്രി സംവിധാനം ചെയ്യുന്ന ഒരു വെബ്‌ സീരീസുമാണ് കതിര്‍ അഭിനയിച്ച് ഇനി സ്ക്രീനില്‍ എത്താനിരിക്കുന്നവ.

2019ലെ പ്രധാനപ്പെട്ട മലയാള ചിത്രങ്ങളില്‍ ഒന്നായ ‘ഇഷ്ക്’ മോറല്‍ പൊലീസിന്റെ കഥയാണ് പറഞ്ഞത്.   ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ.മേത്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവർ ചേർന്നാണ്  ‘ഇഷ്ക്’ നിർമ്മിച്ചത്.

“പ്രണയസിനിമകളുടെ പതിവു ട്രാക്കിൽ നിന്ന് മാറി സഞ്ചരിക്കുന്ന ‘ഇഷ്ക്’ ചെറുപ്പക്കാർ കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്. പ്രണയം അന്ധമാണ് എന്നാണ് പഴമൊഴി. എന്നാൽ പ്രണയത്തിലും തുറന്നുവച്ചൊരു കണ്ണ് നല്ലതാണെന്ന് കൂടി ‘ഇഷ്ക്’ പറയാതെ പറയുന്നുണ്ട്. സ്വയമൊരു വിലയിരുത്തലിനും തിരുത്തലിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും കൂടി ‘ഇഷ്ക്’ ചിലപ്പോൾ വഴിവച്ചെന്നും വരാം,” ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക ധന്യാ വിളയില്‍  ‘ഇഷ്കി’നെ വിലയിരുത്തിയത് ഇങ്ങനെ.

Read Here: Ishq Movie Review: സദാചാര പോലീസിംഗിന്റെ കരണത്തടിച്ച് ‘ഇഷ്ക്’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook