കൊച്ചി: നടന് ഷെയ്ന് നിഗവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ താരസംഘടനയായ ‘അമ്മ’യുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. ‘അമ്മ’ എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കുമെന്ന് ഷെയ്ൻ വാക്കാൽ ഉറപ്പ് നൽകുകയും എഴുതി ഒപ്പിട്ടു കൊടുക്കുകയും ചെയ്തുവെന്ന് താരസംഘടനയുടെ ഭാരവാഹിയായ നടൻ ജഗദീഷ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
“സംഘടന എന്ത് തീരുമാനമെടുത്താലും അത് അനുസരിച്ചുകൊള്ളാം എന്ന് വ്യാഴാഴ്ച നടന്ന ഭാരവാഹി യോഗത്തിൽ ഷെയ്ൻ സമ്മതിച്ചിട്ടുണ്ട്. ഇനി ഒരു സിനിമയുടെ ഡബ്ബിങ് ഉണ്ട്, രണ്ടു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാനുണ്ട്. പ്രതിഫല തുകയിൽ ഷെയ്നിന്റേയും നിർമ്മാതാക്കളുടേയും വിഷയങ്ങൾ പരിഗണിച്ച് ഒരു ന്യായമായ സെറ്റിൽമെന്റ് നടത്തണമെന്ന് തന്നെ നമ്മൾ പ്രൊഡ്യൂസേഴ്സിനോട് ആവശ്യപ്പെടും. കൊച്ചിയിൽ വച്ച് അമ്മയുടെ ഭാരവാഹികളും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാരവാഹികളും അവരുടെ കൂടെ സൗകര്യം നോക്കി ഒരു ദിവസം ചർച്ച നടത്തി വിഷയം പരിഹരിക്കുമെന്നാണ് തീരുമാനം. എന്ന് ഡബ്ബിങ് പൂർത്തിയാക്കാം, ബാക്കിയുള്ള ചിത്രങ്ങളുടെ ഷൂട്ട് എപ്പോഴേക്ക് പൂർത്തിയാക്കാം എന്ന് ഷെയ്നിനോട് ചോദിച്ച് അമ്മ തീരുമാനിക്കും. ഷെയ്ൻ ഞങ്ങളുടെ അംഗമാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ആവശ്യങ്ങൾ കൂടി പരിഗണിച്ചേ തീരുമാനമുണ്ടാകൂ,” ജഗദീഷ് പറഞ്ഞു.
Read More: വിട്ടുവീഴ്ച ഇല്ലാതെ ഷെയ്ൻ; പൈസ കൂട്ടിത്തരാതെ ഉല്ലാസം ഡബ്ബ് ചെയ്യില്ല
ഉല്ലാസത്തിന്റെ ഡബ്ബിങും വെയിൽ, കുർബാനി എന്നീ ചിത്രങ്ങളുടെ ഷൂട്ടിങുമാണ് ഇനി പൂർത്തിയാക്കാനുള്ളത്. വെയില്, ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണവും പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്നും ഷെയ്ന് നിഗം അമ്മയ്ക്ക് ഉറപ്പുനല്‍കി. ഇക്കാര്യങ്ങള്‍ അമ്മ ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും.
നേരത്തെ നിര്‍മാതാക്കളെ മനോരാഗികള്‍ എന്നു വിളിച്ചതില്‍ ഷെയ്ന് നിഗം മുമ്പ് മാപ്പു പറഞ്ഞിരുന്നു. മാപ്പ് ചോദിച്ചുകൊണ്ട് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എന്നിവര്‍ക്കാണ് ഷെയ്ന് കത്തയച്ചത്.വിഷയം രമ്യമായി പരിഹരിക്കണമെന്ന് അന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഡിസംബർ 19ാം തീയതി ചേർന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതി യോഗത്തിൽ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂർത്തിയാക്കാൻ ഷെയ്ൻ നിഗത്തിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ കത്തിന് ഇതുവരെ ഷെയ്ൻ മറുപടി നൽകിയിരുന്നില്ല. കൂടുതൽ പ്രതിഫലം നൽകാതെ സഹകരിക്കില്ല എന്ന നിലപാടിലായിരുന്നു ഷെയ്ൻ.
നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉല്ലാസം. ഉല്ലാസം സിനിമയുടെ കരാര്‍ ഒപ്പിടുന്ന സമയത്ത് 30 ലക്ഷമാണ് തീരുമാനിച്ചിരുന്നതെന്നും പിന്നീട് ഇത് 45 ലക്ഷം രൂപയായി ഷെയ്ന് നിഗം കൂട്ടി ചോദിച്ചതായും ചൂണ്ടിക്കാട്ടി സിനിമയുടെ നിർമാതാക്കളായ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ചിരുന്നു.